മുട്ട ചതിച്ച കഥ (ചിരിക്കണ്ട കോഴിമുട്ടയാ)



 നിധിനെ പണ്ടൊരു മുട്ട ചതിച്ചു....(നിധിൻ എന്റെ ഒരനിയനാണ്). ഇനിയും നിന്നാൽ പണി കിട്ടുമെന്നായപ്പോൾ എൈസീയസീയൈ വിട്ട് അവൻ ഏക്സിസ്സിലേക്ക് കൂടു മാറിയ കാലം. രാവിലെ ഏഴേ മുക്കാലു വരെ കിടന്നുറങ്ങി കുളിക്കാതെ ഓടി പിടിച്ച് നാദാപുരം റോട്ന്ന് എട്ടേപത്തിന്റെ പാസഞ്ചറ് പിടിച്ച് തലശ്ശേരി എത്തും. അതോടെ അവന്റെ ദിവസം ആരംഭിക്കുകയായി. പിന്നെ കുറച്ചു നേരം ബേങ്കില് വരുന്ന പെണ്ണ്ങ്ങളുടെ വായില് നോക്കും. അത് കഴിഞ്ഞാൽ ഇര പിടിക്കാനിറങ്ങേണ്ട സമയമായി. ഇരയെന്നാൽ ബേങ്കിനുള്ള പുതിയ കസ്റ്റമേർസ്. എൻആ൪ഏെ ആയിരുന്നു അവന്റെ ടാ൪ജറ്റ്. പഠിപ്പും വിവരവുമൊന്നുമില്ലാതെ മലണാ....മരണാ...മലരാ...  ച്ഛെ..ശരിയാവുന്നില്ലല്ലോ... മണലാരണ്യത്തിൽ..(ഹാവൂ..സമാധാനായി) കൂലിവേല ചെയ്തും റോഡ് സൈഡിൽ കച്ചോടം നടത്തിയും നാട്ടിലേക്ക് ദിർഹവും റിയാലും അയക്കുന്ന പാവങ്ങളെ തിരഞ്ഞു പിടിക്കണം..പിന്നെ കൊട്ടാര സദ്രൃശ്യമായ അവരുടെ വീട്ടിലേക്ക് ബേങ്കിന്റെ ചിലവിൽ ഒരു സന്ദർശനം. ചിരട്ട'കൈയിലും' ഡോമി'സൈയിലും' ഒരു പോലെ കേൾക്കുന്ന ഗൾഫ് ഭാര്യമാരുടേയും കൊല്ലാകൊല്ലം നാട്ടില് വരുമ്പോൾ പ്രൊഡ്യൂസ് ചെയ്ത നാലഞ്ച് പിള്ളരുടേയും മുന്നിൽ ഒരു ക്ളാസ്. അവനു പോലും ഇതു വരെ മനസ്സിലാവാത്ത ഏതെങ്കിലുമൊരു ലോഹ (സൌകര്യം പോലെ അത് സ്വർണ്ണമോ വെള്ളിയോ പ്ളാറ്റിനമോ) പ്രിവിലേജസ്സും ഇന്റ്ററസ്റ്റ് റെയിറ്റും ഒക്കെ അടങ്ങുന്ന ഒറു ബോറൻ ക്ലാസ്.

 അങ്ങനെയൊരു ക്ലാസിനാണ് തുവ്വകുന്നിലുള്ള ഒരു വീട്ടിലേക്ക് സംഭവ ദിവസം ഇവൻ പോയത്. ശ്രീകൃഷ്ണ ജയന്തിക്ക് മാത്രം നിരത്തിലിറങ്ങുന്ന ബാലഗോകുലം രഥം പോലെ കൊല്ലത്തിലൊരു മാസം പുറത്തിറങ്ങുന്ന ബെൻസ് പോർച്ചിൽ. ഗൾഫിലെ ഏതു അടകോടനും ഒരു ഐ ഫോൺ വാങ്ങുന്നതു പോലെയാണ് തൂവ്വകുന്നിലെ പ്രവാസിയുടെ ബെൻസ് ഭ്രമം. ഇനിയിപ്പോ ബെൻസ് ഒരു ഷോറൂമും സർവ്വീസ് സെന്റ്ററും ഇവിടെ തുടങ്ങിയാലും അത്ഭുതപ്പെടാനില്ല.

ആരേയും കാണാത്തതു കൊണ്ട് കോളിംഗ് ബെല്ലടിച്ചു. 

"ആരേനു...?"

ജനലിന്റെ കർട്ടൻ മാറ്റി നോക്കി ഒരു പച്ചസാരിക്കാരി ഉമ്മച്ചി. പ്രായം ഏറിയാൽ ഒരു മുപ്പത്തിരണ്ട്.

"ഞാൻ നിധിൻ..കൊറച്ച് മുമ്പേ വ്ളിച്ചിരുന്നു..."

"ഞാക്ക് മാണ്ടാന്ന് പറഞ്ഞില്ലേ...ഇവ്ടെ സൂര്യേന്റെ കൊടണ്ട്..."

വായ തൊറന്നതോടെ ആ ഉമ്മച്ചിയെ കണ്ടപ്പോൾ അവനുണ്ടായിരുന്ന ഇംപ്രഷനൊക്കെ പോയി

"അല്ല ഞാൻ ബേങ്ക്ന്നാണ്...വ്ളിച്ചപ്പ വന്നോളാനാ പറഞ്ഞത്.."

"ബേങ്ക്ന്നേനോ...ഞാന്നീരീച്ച് ആകേബ്ള് കാരനാന്ന്...ഓങ്കൊറേ ദീസായി ബിളിക്ക്ന്ന്..ങ്ങള് ബരീ.."

വാതിൽ തുറന്ന് അവർ അവനെ അകത്തേക്ക് ക്ഷണിച്ചു. "കുത്തിരി."

നിധിൻ തൊണ്ട ശരിയാക്കി തയ്യാറടുത്തു.

"നിക്ക് ഞാന് ത്തിരി ചായേന്റെ വെളള്അം എട്ക്കാം.."

നിധിൻ വേണ്ടെന്നു പറഞ്ഞില്ല. രാവിലെ അമ്മ ഉണ്ടാക്കിതന്ന പുട്ട് സമയമില്ലാത്തതു കൊണ്ട് ഒന്ന് നുള്ളി നോക്കാനേ പറ്റിയിട്ടുള്ളു.

പുട്ടുകുറ്റി പോലുള്ള ഒരു ഗ്ലാസ് നിറയെ പാൽകൊഴുപ്പിൽ വിളറിവെളുത്ത ചായയും ഒരു പ്ലെയിറ്റിൽ കുറച്ച് വറുത്തകായും ടീപ്പോയിൽ കൊണ്ട് വെച്ച് അവർ വീണ്ടും അകത്തേക്ക് പോയി. ഈ ചിപ്പ്സ് കൊണ്ടെന്താവാനാണ്...?

അപ്പോഴാണ് അകത്ത് നിന്ന് ഒരു പ്ലെയിറ്റിൽ ആറ് പുഴുങ്ങിയ മുട്ട കൊണ്ട് വന്ന് അവർ ടീപ്പോയിൽ വെച്ചത്.

ഹാവൂ സമാധാനായി..രണ്ട് മുട്ടയും ഒരു ഗ്ളാസ് ചായയും കൊറച്ച് ചിപ്സും..മൂന്നു മണിക്ക് നാണ്വേട്ടന്റെ അയിലക്കറിയും ചോറും കിട്ടുന്നതു വരെ ഇത് മതി. നിധിൻ മനസ്സിൽ കണക്ക്കൂട്ടി.

അവരുടെ മുന്നിൽ മുട്ട എടുത്ത് വിഴുങ്ങാനൊരു മടി. അത് കൊണ്ട് ചായ കുറേശ്ശെ കുടിച്ചും ഒന്ന് രണ്ട് ചിപ്പ്സ് എടുത്ത് വായിലിട്ടും അവൻ കാര്യങ്ങൾ വിശദീകരിച്ചു.

ചോറ് വെന്തോ എന്ന് നോക്കാൻ അവർ അടുക്കളയിലേക്ക് പോയ തക്കത്തിന് ആദ്യ മുട്ട അകത്താക്കാം എന്ന് കരുതിയപ്പോഴാണ് ആദ്യ ആക്രമണമുണ്ടായത്.

അകത്തെ മുറിയിൽ നിന്ന് ബസ്സ് ഓടിച്ചു വന്ന ഒരു ചെക്കൻ മിന്നൽ വേഗത്തിൽ ഒരു മുട്ട കൈക്കലാക്കി..പെട്ടന്ന് അവന്റെ ഉമ്മ വരുന്നതു കണ്ട് മുട്ട വായിലിട്ട് അതേ വേഗത്തിൽ ബസ്സോടിച്ച് അകത്തേക്കു പോയി.

"മോനാ..ഓനിപ്പം ക്വട്ടേഷനാ...ഇനി അഞ്ചിലേക്കാ.."

"ഓ വെക്കേഷൻ..."

എന്തിനേറെ പറയുന്നു..ഓരോ പ്രാവശ്യം അവരകത്തുപോവുമ്പോഴും ബസ്സ് വന്ന് ഓരോ മുട്ടയെടുത്തു പോവും..

ഒടുവിൽ പ്ലെയിറ്റിൽ ഒരു മുട്ട മാത്രം ബാക്കിയായി. അപ്പോഴാണ് ചെക്കന്റെ അടുത്തവരവ്. ഒരു മുട്ടയെങ്കിലും ഇവിടുന്ന് ഞാൻ തിന്നും എന്ന് കാവിലെ ദൈവങ്ങളെ വിളിച്ച് സത്യം ചെയ്ത നിധിൻ, അവന്റെ ഉമ്മ അവിടെ ഉണ്ടായിരുന്നിട്ട് കൂടി ചെക്കന് മുമ്പേ അവസാന മുട്ട കൈക്കലാക്കി ചെക്കനെ നോക്കി ഒരു വിജയ ചിരി ചിരിച്ചു.

ബസ്സ് നിർത്തി അവൻ അമ്മയെ ദയനീയമായി ഒന്ന് നോക്കി ഒരു ഹോണടിച്ചു.


പിൻപാര

"ഒന്നെങ്കിൽ ഒന്ന് നിനക്ക് കിട്ടീലേ.."കഥ വിവരിച്ച നിധിനോട് ഞാൻ പറഞ്ഞു.

"ഏട്ന്ന് രഞ്ചിത്തേട്ടാ...അന്നേരം ഓന്റെ ഉമ്മ എന്നോട് പറയ്ന്നാ.."

മോനേ ഒരെണ്ണമെങ്കിലും ഓന് കൊട്ത്തേക്ക്..ഓന് പുഴ്ങ്ങിയ മുട്ട പെര്ത്ത്ഷ്ടാ..

1 comment:

  1. OMG!!!!!!!its sooooo funnyyyy......tooooooo goooooddddddddd.....enjoyd alottttttaaaa........

    ReplyDelete

അഭിപ്രായം ആവാം....