റോംഗ് കണക്ഷന്‍





വിത്തും ഞാനും എ ബി സിയില്‍ ഉള്ള കാലം. (വിത്ത് എന്നാല്‍ വിജിത്ത്: എന്റെ സഹചാരി). തിരുവള്ളൂര്‍ മുരളിയുടെ എ. ബി. സി. അന്ന് പല ഇടപാടുകളും നടത്തിയിരുന്ന ഒരു സ്ഥാപനമായിരുന്നു. അതിലൊന്നായിരുന്നു 'ശ്രീ ഗ്യാസ്' പ്രൈ ലിമിറ്റഡ്. ഭാരത്‌ ഗ്യാസിനും ഇന്ടേനും പഞ്ഞമുള്ള കാലം. ആവശ്യക്കാര്‍ക്ക് കണക്ഷന്‍ കിട്ടുന്നില്ല. അങ്ങനെ ആണ് ഞാനും വിത്തും ശ്രീ ഗ്യാസിന്റെ പ്രചാരകരായത്. ഒണക്ക മടലിന്റെ പൊക തട്ടി കണ്ണ് കലങ്ങിയ ചെറിയത്തെ മറിയുമ്മയും പാല്യാട്ടെ നാണി അമ്മയും പോലെയുള്ള മടപ്പള്ളിയിലെ വീട്ടമ്മമാരായിരുന്നു ഞങ്ങളുടെ ആദ്യ കസ്സ്ടമെര്സ്. ഗ്യാസ് തീരുന്നതിനനുസരിച്ചു സിലിണ്ടറുകള്‍ ഞങ്ങള്‍ മുറക്ക് എത്തിച്ചു കൊണ്ടിരുന്നു.
മുരളിയേട്ടന്റെ ഗ്യാസ് ബിസിനസ് പതുക്കെ പച്ച പിടിക്കാന്‍ തുടങ്ങി. പതുക്കെ ഞങ്ങളുടെ പ്രവര്‍ത്തന മേഖലയും വ്യാപിപ്പിച്ചു. വടകരയും അതിന്റെ ചുറ്റുപാടുകളുമുള്ള വീടുകളില്‍ ഈ ആവശ്യവുമായി ഞങ്ങള്‍ കയറി ഇറങ്ങാന്‍ തുടങ്ങി. പുകയൂതി കണ്ണ് കലങ്ങിയ സ്ത്രീകള്‍ ആയിരുന്നു ഞങ്ങളുടെ ടാര്‍ഗറ്റ് ഗ്രൂപ്പ്. വീട്ടിലെ ആണുങ്ങളെല്ലാം ജോലിക്ക് പോയ നേരം പതുക്കെ കയറി ചെല്ലണം. വീട്ടില്‍ ഗ്യാസ് കണക്ഷന്‍ ഉണ്ടോന്നു ചോദിച്ചു തുടങ്ങണം. ഇല്ലെങ്കില്‍ ഒന്നുണ്ടായാലുള്ള ഗുണങ്ങള്‍ വര്‍ണ്ണിക്കണം. എല്ലായ്പ്പോഴും തീരുമാനം അപ്പോള്‍ കിട്ടില്ല. പെണ്ണുങ്ങള്‍ സ്വയം തീരുമാനമെടുക്കുന്ന കാലം വടകരയില്‍ എത്തിയിട്ടില്ലല്ലോ. സാധ്യത ഉള്ള വീടുകള്‍ നോട്ട് ചെയ്തു ഒരു ആഴ്ച കഴിഞ്ഞു വീണ്ടും ചെല്ലണം. അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഒന്നും ഇത്ര പ്രചാരമായിട്ടില്ല. അത് കൊണ്ട് അത്തരം വീടുകളില്‍ വീണ്ടും ചെന്നേ മതിയാവൂ. ഒരു ആഴ്ച കഴിഞ്ഞു ചെല്ലുമ്പോള്‍ ഭര്‍ത്താവിന്റെ സമ്മതം വാങ്ങി പുഞ്ചിരിച്ചു നില്‍ക്കുന്നതാണ് കാണുന്നതെങ്കില്‍ പൈസയും മറ്റു കാര്യങ്ങളും പറഞ്ഞു വെച്ച് പിറ്റേന്ന് തന്നെ കണക്ഷന്‍ എത്തിച്ചു കൊടുക്കുന്നു. ഇതായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തന രീതി. 


അങ്ങനെ ആണ് ഒരു ദിവസം റെയില്‍വേ ലൈനിന്റെ പടിഞ്ഞാറുള്ള ഒരു വീട്ടില്‍ ഞങ്ങളെത്തുന്നത്. പുറത്തെ വാതില്‍ അടച്ചിട്ടാന്നെങ്കിലും പടിഞ്ഞാറേപ്പുറത്ത് തിരുമ്പുന്ന ഒച്ച കേള്‍ക്കുന്നുണ്ട്. 


"ക്കൂയി .. ഇവിടെ ആളില്ലേ.. !!"
"എന്തേനു..." വാതില്‍ തുറന്നു പ്രായം മുപ്പതിനോടടുത്ത ഒരു ചേച്ചി പുറത്തു വന്നു. 


"അല്ല ഇവിടെ ഗ്യാസ് കണക്ഷന്‍ ഉണ്ടോ...?" 
ഞങ്ങളുടെ സ്ഥിരം ചോദ്യാവലിയിലെ ആദ്യ ചോദ്യം. 


"ഇല്ലേനു പക്കെ ഞാള് കൊടിത്തിക്കുണ്ട്.."


"അത് ഇപ്പോന്നും കിട്ടൂല. ഇത് ഞാളെ പ്രൈവറ്റ് ഗ്യാസാ. ബുക്കിംഗ് ഒന്നൂല്ല. നാളെ തന്നെ കൊണ്ട് തരും. സിലിണ്ടറിന് പയിശേം കൊറവാ... " വിത്ത് ഫോമിലായി. 


"അല്ലോളീ മറ്റേത് കിട്ടുമ്പോ എന്താ ചെയ്യാ..."


"അത് വേണ്ടാന്നു പറഞ്ഞു ഇങ്ങള്‍ ഒരു വെള്ള കടലാസില് എഴുതി തന്നാ മതി". 


"ഞാന്‍ ഓരോടോന്നു പറഞ്ഞു നോക്കട്ടെ. ഓരിനി വെള്ളിയാഴ്ചയെ വിളിക്കൂ.. ദുബായിലാ... "


അടുത്ത ആഴ്ച വീണ്ടും അവിടെ വരണമെന്ന് നോട്ട് ചെയ്തു ഞങ്ങള്‍ മറ്റു വീടുകളിലേക്ക് നീങ്ങി. പല തിരക്കുകള്‍ കാരണം അടുത്ത ആഴ്ച ആ ഏരിയ കവര്‍ ചെയ്യാന്‍ ഞങ്ങള്‍ വിട്ടു പോയി. 


ഒരു ദിവസം രാവിലെ പുതിയ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയപ്പോള്‍ വിത്ത് പറഞ്ഞു. 
"ഡാ മ്മള് അന്ന് പോയ വീട്ടിലെ പെണ്ണുങ്ങളല്ലേ അത്. പിന്നെ മ്മള് അങ്ങോട്ട്‌ പോയിട്ടില്ലലോ. ഞാനൊന്ന് പോയി മുട്ടി നോക്കട്ടെ."
ശരി എന്ന് പറഞ്ഞു പാന്‍ പരാഗ് വാങ്ങാനായി ഞാന്‍ കടയിലേക്ക് നടന്നു. തിരിച്ചു വരുമ്പോള്‍ കാണുന്നത് ഒരാള്‍ക്കൂട്ടം. നടുവില്‍ ഒരുത്തനെ എല്ലാരും പിടിച്ചു പെരുമാറുന്നു. പെട്ടന്നൊരു നടുക്കത്തോടെ ഞാന്‍ മനസ്സിലാക്കി. ദൈവമേ വിത്തിനെ ആണ് നാട്ടുകാര്‍ ഈ പെരുമാറുന്നത്. 


പിന്‍പാര


ഒരു വിധത്തില്‍ പോലീസിന്റെ കയ്യിലാവാതെ അവിടുന്ന് രക്ഷപ്പെട്ടു കീര്‍ത്തി മുദ്രേലെക്കുള്ള വഴിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ വിത്തിനോട് ചോദിച്ചു. 
" അല്ല എന്തേനു പ്രശ്നം?"
"ഒന്നുല്ല വെറുതെയാ. ഞാന്‍ ചെന്ന് ഓരോട്‌ മ്മളെ കണക്ഷന്റെ കാര്യെന്തായി ഇങ്ങള് കെട്ട്യോനോട് ചോദിച്ചോന്ന് ചോദിച്ചിട്ടേ ഇള്ളൂ.. 
ഓരെ കൂടെള്ള പെണ്ണുങ്ങള്‍ അങ്ങ് തോടങ്ങിലെ മോനെ..."

No comments:

Post a Comment

അഭിപ്രായം ആവാം....