മുണ്ടിൽ ഒരു കുത്ത്

നമസ്കാരം :..
മടപ്പള്ളി കേബിൾ വിഷന്റെ തിരഞ്ഞെടുപ്പ് സ്പെഷൽ 'ജനവിധി ഓർമകളിലൂടെ ' എന്ന പ്രത്യേക പരിപാടിയിലേക്ക് സ്വാഗതം

ഞാൻ ആതിര കപ്പായിക്കണ്ടി, മടപ്പള്ളിയിലെ സാധാരണക്കാർ കഴിഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പിനെ എങ്ങനെ ഓർക്കുന്നു എന്ന് കണ്ടെത്തുകയാണ് നമ്മളിന്നീ പരിപാടിയിലൂടെ ...

ആദ്യമായി നമുക്ക് രാജേട്ടനിൽ നിന്ന് തുടങ്ങാം.. - ഡാ ഷിബി ഞ്ഞി കേമറ ഇങ്ങോട്ടാക്ക് ...
രാജേട്ടാ.. നിങ്ങൾ ഓർമ്മിക്കുന്ന ഒരു തിരഞ്ഞെടുപ്പ് വിശേഷം പറയൂ.

"അദ്മ്മളെ തെരുതൈ ചന്ദ്രനില്ലേ, കെനറ്റിന്റെ പണിക്കെല്ലം പോന്നെ, ഓനക്കുറി മൽസരിക്കണന്ന് തന്നെ ഒര് പൂതി. പാർട്ടിക്കാരെല്ലണ്ടോ ഓനെ നിർത്ത്ന്ന്. അവസാനം ഓന് മ്മളെ കിട്ടേട്ടനെ കണ്ട് കാര്യം പറഞ്ഞ്. സ്വതന്ത്രനായി നിക്കാനാ ഓനോട് കിട്ടേട്ടൻ പറഞ്ഞത്. നാണു മാശ് എഴ്തി കൊട്ത്ത പത്രിക പഞ്ചായത്താപ്പീസില് കൊട്ത്തപ്പോ അധികാരി രൈരു നമ്പ്യാര് ചോദിച്ചു

ഇനിക്കെന്ത് ന്നാ ചന്ന്റാ ചിന്നം വേണ്ടെ: '..?

അദ് പ്പൊ എന്തായാലും മാണ്ടീക്കില്ലോളീന്ന് ഓനും പറഞ്ഞ്.

എന്നിട്ട് എന്താണ് രാജേട്ടാ അന്ന് ഓർക്ക് കിട്ടിയ ചിഹ്നം, ഓർമ്മകളിൽ നിന്ന് ചികഞ്ഞ് പെറുക്കി രാജേട്ടൻ നമ്മളോട് പറയുന്നത് പഴയ തിരഞ്ഞെടുപ്പ് വിശേഷങ്ങളാണ്. നിങ്ങൾ കണ്ട് കൊണ്ടിരിക്ക്ന്നത്  മടപ്പള്ളി കേബിൾ വിഷന്റെ ......

ഞ്ഞി ആള് മോശല്ലാലോ. എണ്ണിത്തെര്മ്പോ കൊട്ടേ കയ്യിട്ട് വാര്ന്ന്... ഞ്ഞി മ്മളെ ബാലേട്ടന്റെ മോളല്ലെ,

ശ്ശ..യ്യോ.. എടാ ഷിബീ കട്ട് _ കട്ട് ...

എന്ത് കട്ട്... ഇക്കുന്തത്തില് കട്ടും പുട്ടൊന്നും ഇല്ല _ ഞി പറഞ്ഞോ _ ബാക്കി മ്മക്ക് പിന്നെ നോക്കാം.

ശരി പറയൂ രാജേട്ടാ...
ങ്ഹാ! ... അദ്  ഓന്റെ ചിന്നം മുണ്ടേനു...

മുണ്ടോ, നമ്മള് ഉടുക്ക്ന്ന മുണ്ടാണോ രാജേട്ടൻ പറയുന്നത്, ടി വി യും, ലാപ്പ്ടോപ്പും തിരഞ്ഞെടുപ്പ് ചിഹ്നമായ ഈ കാലഘട്ടത്തിന് ഒരു അപൂർവമായ അറിവാണ് രാജേട്ടൻ ഈ പരിപാടിയിലൂടെ നമുക്ക് പകർന്ന് നൽകുന്നത്. ... മടപ്പള്ളി കേബിൾ വിഷ.....

എന്നാ ഞ്ഞി ഇദും പറഞ്ഞ് ര്ന്നോ... റേഷൻ പീട്യേല് ചിമ്മിണി തീർന്നോവും; ഞാനദങ്ങ് വാങ്ങി വെച്ചിട്ട് വരട്ടെ ....

രാജേട്ടാ പോവല്ലെ... പ്ലീസ് ... എന്നിട്ടെന്തായി റിസൽറ്റ് വന്നപ്പോ .... ആരാ അക്കുറി ജയിച്ചത്.....എന്തായി ചന്ദ്രേട്ടന്റെ കാര്യം -- .?

വടകര ബീയെം സ്കൂള് ന്ന് വോട്ടെണ്ണി തീർന്നപ്പോ മ്മളെ പിലാക്കൂൽ കണ്ണനാ ജയിച്ചത് .. തെരുതൈ ചന്ദ്രന് കിട്ടിയത് ഒരൊറ്റ വോട്ട് .

കാരക്കാട്ട് കള്ള് ഷാപ്പ് ന്ന് മ്മളെ മീത്തലെ ചാത്തനാ ഓനോട് അദ് ചോദിച്ചത്.

" അല്ല തെരുതെ, ഇന്റോള് ജാനൂം കൂടെ ഇനിക്ക് കുത്തീലേ...? ഞ്ഞി ഓളോട് ചോയിച്ചില്ലെ ..... "

ഓളെ വോട്ട് ദാ ഇവ്ടെ കെടക്ക്ന്ന്ന്നും പറഞ്ഞ് ഓൻ മുണ്ടിന്റെ കോന്തല പൊന്തിച്ച് കാണിച്ച് തന്നു - ഓള് അന്ന് വോട്ടിന്റ ന്ന് ഉട്ത്തിട്ട് പോയതാ_ ഓള് മുണ്ടില് തന്നെയാ കുത്തിയേത്.. എന്നിട്ട് ഓല് കൊടുത്ത കള്ളാസ് പൊരേല് കൊണ്ടോന്ന് ചെറ്തിന് തോണി ഇണ്ടാക്കി കളിക്കാൻ കൊട്ത്തിരിക്ക്ന്ന്.... ഈനെല്ലം എന്താ കെട്ട് പാട്....

ഹ--, ഹന് ഹ.: മുണ്ട് ചിഹ്നത്തിൽ വോട്ടു കുത്തുന്നതിനു പകരം സ്വന്തം മുണ്ടിൽ വോട്ട് കുത്തി ബാലറ്റ് പേപ്പർ മകന് തോണി ഉണ്ടാക്കി കളിക്കാൻ കൊടുത്ത ജാനു വേടത്തിയെ ഓർത്തു കൊണ്ട് ഇന്നത്തേക്ക് വിട വാങ്ങുന്നു - കേമറമേൻ ഷിബിൻ തീവെട്ടിച്ചാലിനോടൊപ്പം ആതിര കപ്പായിക്കണ്ടി  സൈനിംഗ് ഓഫ് ഫോർ മടപ്പള്ളി കേബിൾ വിഷൻ

No comments:

Post a Comment

അഭിപ്രായം ആവാം....