മുണ്ടിൽ ഒരു കുത്ത്

നമസ്കാരം :..
മടപ്പള്ളി കേബിൾ വിഷന്റെ തിരഞ്ഞെടുപ്പ് സ്പെഷൽ 'ജനവിധി ഓർമകളിലൂടെ ' എന്ന പ്രത്യേക പരിപാടിയിലേക്ക് സ്വാഗതം

ഞാൻ ആതിര കപ്പായിക്കണ്ടി, മടപ്പള്ളിയിലെ സാധാരണക്കാർ കഴിഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പിനെ എങ്ങനെ ഓർക്കുന്നു എന്ന് കണ്ടെത്തുകയാണ് നമ്മളിന്നീ പരിപാടിയിലൂടെ ...

ആദ്യമായി നമുക്ക് രാജേട്ടനിൽ നിന്ന് തുടങ്ങാം.. - ഡാ ഷിബി ഞ്ഞി കേമറ ഇങ്ങോട്ടാക്ക് ...
രാജേട്ടാ.. നിങ്ങൾ ഓർമ്മിക്കുന്ന ഒരു തിരഞ്ഞെടുപ്പ് വിശേഷം പറയൂ.

"അദ്മ്മളെ തെരുതൈ ചന്ദ്രനില്ലേ, കെനറ്റിന്റെ പണിക്കെല്ലം പോന്നെ, ഓനക്കുറി മൽസരിക്കണന്ന് തന്നെ ഒര് പൂതി. പാർട്ടിക്കാരെല്ലണ്ടോ ഓനെ നിർത്ത്ന്ന്. അവസാനം ഓന് മ്മളെ കിട്ടേട്ടനെ കണ്ട് കാര്യം പറഞ്ഞ്. സ്വതന്ത്രനായി നിക്കാനാ ഓനോട് കിട്ടേട്ടൻ പറഞ്ഞത്. നാണു മാശ് എഴ്തി കൊട്ത്ത പത്രിക പഞ്ചായത്താപ്പീസില് കൊട്ത്തപ്പോ അധികാരി രൈരു നമ്പ്യാര് ചോദിച്ചു

ഇനിക്കെന്ത് ന്നാ ചന്ന്റാ ചിന്നം വേണ്ടെ: '..?

അദ് പ്പൊ എന്തായാലും മാണ്ടീക്കില്ലോളീന്ന് ഓനും പറഞ്ഞ്.

എന്നിട്ട് എന്താണ് രാജേട്ടാ അന്ന് ഓർക്ക് കിട്ടിയ ചിഹ്നം, ഓർമ്മകളിൽ നിന്ന് ചികഞ്ഞ് പെറുക്കി രാജേട്ടൻ നമ്മളോട് പറയുന്നത് പഴയ തിരഞ്ഞെടുപ്പ് വിശേഷങ്ങളാണ്. നിങ്ങൾ കണ്ട് കൊണ്ടിരിക്ക്ന്നത്  മടപ്പള്ളി കേബിൾ വിഷന്റെ ......

ഞ്ഞി ആള് മോശല്ലാലോ. എണ്ണിത്തെര്മ്പോ കൊട്ടേ കയ്യിട്ട് വാര്ന്ന്... ഞ്ഞി മ്മളെ ബാലേട്ടന്റെ മോളല്ലെ,

ശ്ശ..യ്യോ.. എടാ ഷിബീ കട്ട് _ കട്ട് ...

എന്ത് കട്ട്... ഇക്കുന്തത്തില് കട്ടും പുട്ടൊന്നും ഇല്ല _ ഞി പറഞ്ഞോ _ ബാക്കി മ്മക്ക് പിന്നെ നോക്കാം.

ശരി പറയൂ രാജേട്ടാ...
ങ്ഹാ! ... അദ്  ഓന്റെ ചിന്നം മുണ്ടേനു...

മുണ്ടോ, നമ്മള് ഉടുക്ക്ന്ന മുണ്ടാണോ രാജേട്ടൻ പറയുന്നത്, ടി വി യും, ലാപ്പ്ടോപ്പും തിരഞ്ഞെടുപ്പ് ചിഹ്നമായ ഈ കാലഘട്ടത്തിന് ഒരു അപൂർവമായ അറിവാണ് രാജേട്ടൻ ഈ പരിപാടിയിലൂടെ നമുക്ക് പകർന്ന് നൽകുന്നത്. ... മടപ്പള്ളി കേബിൾ വിഷ.....

എന്നാ ഞ്ഞി ഇദും പറഞ്ഞ് ര്ന്നോ... റേഷൻ പീട്യേല് ചിമ്മിണി തീർന്നോവും; ഞാനദങ്ങ് വാങ്ങി വെച്ചിട്ട് വരട്ടെ ....

രാജേട്ടാ പോവല്ലെ... പ്ലീസ് ... എന്നിട്ടെന്തായി റിസൽറ്റ് വന്നപ്പോ .... ആരാ അക്കുറി ജയിച്ചത്.....എന്തായി ചന്ദ്രേട്ടന്റെ കാര്യം -- .?

വടകര ബീയെം സ്കൂള് ന്ന് വോട്ടെണ്ണി തീർന്നപ്പോ മ്മളെ പിലാക്കൂൽ കണ്ണനാ ജയിച്ചത് .. തെരുതൈ ചന്ദ്രന് കിട്ടിയത് ഒരൊറ്റ വോട്ട് .

കാരക്കാട്ട് കള്ള് ഷാപ്പ് ന്ന് മ്മളെ മീത്തലെ ചാത്തനാ ഓനോട് അദ് ചോദിച്ചത്.

" അല്ല തെരുതെ, ഇന്റോള് ജാനൂം കൂടെ ഇനിക്ക് കുത്തീലേ...? ഞ്ഞി ഓളോട് ചോയിച്ചില്ലെ ..... "

ഓളെ വോട്ട് ദാ ഇവ്ടെ കെടക്ക്ന്ന്ന്നും പറഞ്ഞ് ഓൻ മുണ്ടിന്റെ കോന്തല പൊന്തിച്ച് കാണിച്ച് തന്നു - ഓള് അന്ന് വോട്ടിന്റ ന്ന് ഉട്ത്തിട്ട് പോയതാ_ ഓള് മുണ്ടില് തന്നെയാ കുത്തിയേത്.. എന്നിട്ട് ഓല് കൊടുത്ത കള്ളാസ് പൊരേല് കൊണ്ടോന്ന് ചെറ്തിന് തോണി ഇണ്ടാക്കി കളിക്കാൻ കൊട്ത്തിരിക്ക്ന്ന്.... ഈനെല്ലം എന്താ കെട്ട് പാട്....

ഹ--, ഹന് ഹ.: മുണ്ട് ചിഹ്നത്തിൽ വോട്ടു കുത്തുന്നതിനു പകരം സ്വന്തം മുണ്ടിൽ വോട്ട് കുത്തി ബാലറ്റ് പേപ്പർ മകന് തോണി ഉണ്ടാക്കി കളിക്കാൻ കൊടുത്ത ജാനു വേടത്തിയെ ഓർത്തു കൊണ്ട് ഇന്നത്തേക്ക് വിട വാങ്ങുന്നു - കേമറമേൻ ഷിബിൻ തീവെട്ടിച്ചാലിനോടൊപ്പം ആതിര കപ്പായിക്കണ്ടി  സൈനിംഗ് ഓഫ് ഫോർ മടപ്പള്ളി കേബിൾ വിഷൻ

അക്കളി ഇക്കളി തീക്കളിയാണേ.....

"അമ്മയാണെ നേര്.... ഇനി തീ കൊട്ക്കൂല...ചണ്ടി ആടെത്തന്നെ കെടന്നോട്ടെ എനക്കെന്താ...."

ഇതാണ് സുരേട്ടൻ പറഞ്ഞതെന്നാണ് മിൽട്രീ ബാവേന്റെ പുതിയ കഥ. അനുപമ സ്റ്റോർസിന്റെ മുന്നിൽ ഒരു പുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടതാണ് ഈ പുതിയ കഥയുടെ പ്രചോദനം.

"തീ കൊടുക്കുന്നതല്ല"..

പീട്യേന്റെ മുന്നിലെ ചണ്ടി അപ്പാട്  അടിച്ച് കൂട്ടി ഒന്നിക്കൊന്നരാടം തീയിടലല്ലേ സുരേട്ടന്റെ ഹോബി...എന്നിറ്റ് അയിന്റെ പൊക കൊണ്ട് സൊയിര്യല്ലാണ്ടായപ്പൊ മ്മളെ ചൊപ്പ ശശി ഒന്ന് രണ്ടൂട് ഓറോട് മര്യായിക്ക് പറഞ്ഞോക്കി...സുരേട്ടാ ചണ്ടി ങ്ങള് അടിച്ചൂട്ടി വെച്ചോ.... മ്മക്ക് ആരൂല്ലാത്ത ഞാറാഴ്ച്ചാറ്റം തീയിടാം...കായ് പൊക ഇട്ന്നേന്റോട്ട് ഞാളെ ഇങ്ങനെ ഒന്നിക്കൊന്നരാടം പയ്പ്പിക്കണ്ടാലോ...

"ഇഞ്ഞി ചെലക്കാണ്ട് പോട്യാ" ന്ന് അർത്ഥം വരുന്ന വാക്കുകൾ കുറച്ച് കൂടി സഭ്യമായി സുരേട്ടൻ ശശിയോട് മറുപടിച്ചത്രെ....

എന്നാപ്പിന്നെ ഇനിക്കൊര് കോള്ന്ന് ശശിയും നിരീച്ചു.... പിറ്റേന്ന് സുരേട്ടൻ കുപ്പക്ക് തീ കൊട്ത്തതും ശശി ചോമ്പാല പോലീസ് സ്റ്റേഷനിലേക്കൊരു അജ്ഞാത കോൾ....

"മടപ്പള്ളി അങ്ങാടിയിൽ ബോംമ്പ്"

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത സുകേഷും സംഘവും മടപ്പള്ളിയിൽ കുതിച്ചെത്തിയപ്പോഴേക്കും, ആരും കാണാതെ കടലാസിൽ പൊതിഞ്ഞ് ശശി ചണ്ടിക്കൂനയിൽ നിക്ഷേപിച്ച രണ്ട് ഓലപ്പൊട്ടാസ് ഗംഭീര ശബ്ദത്തോടെ പൊട്ടി കഴിഞ്ഞിരുന്നു....

കൺഫ്യൂഷനിൽ നിന്ന മടപ്പള്ളിക്കൂട്ടത്തോട് ശശി പൊട്ടിച്ചു....
"എൻഡീയെഫ് ഒളിപ്പിച്ച സ്റ്റീൽ ബോംബാന്ന് തോന്ന്ന്ന്..."

പോരെ കഥ...
പോലീസുകാർ ചണ്ടിക്ക് തീ കൊട്ത്ത സുരേട്ടന് ശിക്ഷ വിധിച്ചു. 108 പ്രാവശ്യം എഴുതുക...

"ഇനി തീ കൊട്ക്കുന്നതല്ല"
അയിലൊരു കടലാസെട്ത്ത് പോലീസ്കാര് പീട്യേന്റെ മുന്നില് ഒട്ടിച്ച് വെച്ചു. ..

ഞ്ഞി എനി മറന്ന് പോയീന്ന് പറയര്ത്...

വാൽ കഷ്ണം: തീ കൊട്ക്കൂല ന്നാ ള്ളൂ...തീപ്പെട്ടി ആ മതില്മ്മല് ഇണ്ട് ന്ന് പറയാം.... മ്മക്ക് കച്ചോടം നടക്കണ്ടേ..

മുട്ട ചതിച്ച കഥ (ചിരിക്കണ്ട കോഴിമുട്ടയാ) നിധിനെ പണ്ടൊരു മുട്ട ചതിച്ചു....(നിധിൻ എന്റെ ഒരനിയനാണ്). ഇനിയും നിന്നാൽ പണി കിട്ടുമെന്നായപ്പോൾ എൈസീയസീയൈ വിട്ട് അവൻ ഏക്സിസ്സിലേക്ക് കൂടു മാറിയ കാലം. രാവിലെ ഏഴേ മുക്കാലു വരെ കിടന്നുറങ്ങി കുളിക്കാതെ ഓടി പിടിച്ച് നാദാപുരം റോട്ന്ന് എട്ടേപത്തിന്റെ പാസഞ്ചറ് പിടിച്ച് തലശ്ശേരി എത്തും. അതോടെ അവന്റെ ദിവസം ആരംഭിക്കുകയായി. പിന്നെ കുറച്ചു നേരം ബേങ്കില് വരുന്ന പെണ്ണ്ങ്ങളുടെ വായില് നോക്കും. അത് കഴിഞ്ഞാൽ ഇര പിടിക്കാനിറങ്ങേണ്ട സമയമായി. ഇരയെന്നാൽ ബേങ്കിനുള്ള പുതിയ കസ്റ്റമേർസ്. എൻആ൪ഏെ ആയിരുന്നു അവന്റെ ടാ൪ജറ്റ്. പഠിപ്പും വിവരവുമൊന്നുമില്ലാതെ മലണാ....മരണാ...മലരാ...  ച്ഛെ..ശരിയാവുന്നില്ലല്ലോ... മണലാരണ്യത്തിൽ..(ഹാവൂ..സമാധാനായി) കൂലിവേല ചെയ്തും റോഡ് സൈഡിൽ കച്ചോടം നടത്തിയും നാട്ടിലേക്ക് ദിർഹവും റിയാലും അയക്കുന്ന പാവങ്ങളെ തിരഞ്ഞു പിടിക്കണം..പിന്നെ കൊട്ടാര സദ്രൃശ്യമായ അവരുടെ വീട്ടിലേക്ക് ബേങ്കിന്റെ ചിലവിൽ ഒരു സന്ദർശനം. ചിരട്ട'കൈയിലും' ഡോമി'സൈയിലും' ഒരു പോലെ കേൾക്കുന്ന ഗൾഫ് ഭാര്യമാരുടേയും കൊല്ലാകൊല്ലം നാട്ടില് വരുമ്പോൾ പ്രൊഡ്യൂസ് ചെയ്ത നാലഞ്ച് പിള്ളരുടേയും മുന്നിൽ ഒരു ക്ളാസ്. അവനു പോലും ഇതു വരെ മനസ്സിലാവാത്ത ഏതെങ്കിലുമൊരു ലോഹ (സൌകര്യം പോലെ അത് സ്വർണ്ണമോ വെള്ളിയോ പ്ളാറ്റിനമോ) പ്രിവിലേജസ്സും ഇന്റ്ററസ്റ്റ് റെയിറ്റും ഒക്കെ അടങ്ങുന്ന ഒറു ബോറൻ ക്ലാസ്.

 അങ്ങനെയൊരു ക്ലാസിനാണ് തുവ്വകുന്നിലുള്ള ഒരു വീട്ടിലേക്ക് സംഭവ ദിവസം ഇവൻ പോയത്. ശ്രീകൃഷ്ണ ജയന്തിക്ക് മാത്രം നിരത്തിലിറങ്ങുന്ന ബാലഗോകുലം രഥം പോലെ കൊല്ലത്തിലൊരു മാസം പുറത്തിറങ്ങുന്ന ബെൻസ് പോർച്ചിൽ. ഗൾഫിലെ ഏതു അടകോടനും ഒരു ഐ ഫോൺ വാങ്ങുന്നതു പോലെയാണ് തൂവ്വകുന്നിലെ പ്രവാസിയുടെ ബെൻസ് ഭ്രമം. ഇനിയിപ്പോ ബെൻസ് ഒരു ഷോറൂമും സർവ്വീസ് സെന്റ്ററും ഇവിടെ തുടങ്ങിയാലും അത്ഭുതപ്പെടാനില്ല.

ആരേയും കാണാത്തതു കൊണ്ട് കോളിംഗ് ബെല്ലടിച്ചു. 

"ആരേനു...?"

ജനലിന്റെ കർട്ടൻ മാറ്റി നോക്കി ഒരു പച്ചസാരിക്കാരി ഉമ്മച്ചി. പ്രായം ഏറിയാൽ ഒരു മുപ്പത്തിരണ്ട്.

"ഞാൻ നിധിൻ..കൊറച്ച് മുമ്പേ വ്ളിച്ചിരുന്നു..."

"ഞാക്ക് മാണ്ടാന്ന് പറഞ്ഞില്ലേ...ഇവ്ടെ സൂര്യേന്റെ കൊടണ്ട്..."

വായ തൊറന്നതോടെ ആ ഉമ്മച്ചിയെ കണ്ടപ്പോൾ അവനുണ്ടായിരുന്ന ഇംപ്രഷനൊക്കെ പോയി

"അല്ല ഞാൻ ബേങ്ക്ന്നാണ്...വ്ളിച്ചപ്പ വന്നോളാനാ പറഞ്ഞത്.."

"ബേങ്ക്ന്നേനോ...ഞാന്നീരീച്ച് ആകേബ്ള് കാരനാന്ന്...ഓങ്കൊറേ ദീസായി ബിളിക്ക്ന്ന്..ങ്ങള് ബരീ.."

വാതിൽ തുറന്ന് അവർ അവനെ അകത്തേക്ക് ക്ഷണിച്ചു. "കുത്തിരി."

നിധിൻ തൊണ്ട ശരിയാക്കി തയ്യാറടുത്തു.

"നിക്ക് ഞാന് ത്തിരി ചായേന്റെ വെളള്അം എട്ക്കാം.."

നിധിൻ വേണ്ടെന്നു പറഞ്ഞില്ല. രാവിലെ അമ്മ ഉണ്ടാക്കിതന്ന പുട്ട് സമയമില്ലാത്തതു കൊണ്ട് ഒന്ന് നുള്ളി നോക്കാനേ പറ്റിയിട്ടുള്ളു.

പുട്ടുകുറ്റി പോലുള്ള ഒരു ഗ്ലാസ് നിറയെ പാൽകൊഴുപ്പിൽ വിളറിവെളുത്ത ചായയും ഒരു പ്ലെയിറ്റിൽ കുറച്ച് വറുത്തകായും ടീപ്പോയിൽ കൊണ്ട് വെച്ച് അവർ വീണ്ടും അകത്തേക്ക് പോയി. ഈ ചിപ്പ്സ് കൊണ്ടെന്താവാനാണ്...?

അപ്പോഴാണ് അകത്ത് നിന്ന് ഒരു പ്ലെയിറ്റിൽ ആറ് പുഴുങ്ങിയ മുട്ട കൊണ്ട് വന്ന് അവർ ടീപ്പോയിൽ വെച്ചത്.

ഹാവൂ സമാധാനായി..രണ്ട് മുട്ടയും ഒരു ഗ്ളാസ് ചായയും കൊറച്ച് ചിപ്സും..മൂന്നു മണിക്ക് നാണ്വേട്ടന്റെ അയിലക്കറിയും ചോറും കിട്ടുന്നതു വരെ ഇത് മതി. നിധിൻ മനസ്സിൽ കണക്ക്കൂട്ടി.

അവരുടെ മുന്നിൽ മുട്ട എടുത്ത് വിഴുങ്ങാനൊരു മടി. അത് കൊണ്ട് ചായ കുറേശ്ശെ കുടിച്ചും ഒന്ന് രണ്ട് ചിപ്പ്സ് എടുത്ത് വായിലിട്ടും അവൻ കാര്യങ്ങൾ വിശദീകരിച്ചു.

ചോറ് വെന്തോ എന്ന് നോക്കാൻ അവർ അടുക്കളയിലേക്ക് പോയ തക്കത്തിന് ആദ്യ മുട്ട അകത്താക്കാം എന്ന് കരുതിയപ്പോഴാണ് ആദ്യ ആക്രമണമുണ്ടായത്.

അകത്തെ മുറിയിൽ നിന്ന് ബസ്സ് ഓടിച്ചു വന്ന ഒരു ചെക്കൻ മിന്നൽ വേഗത്തിൽ ഒരു മുട്ട കൈക്കലാക്കി..പെട്ടന്ന് അവന്റെ ഉമ്മ വരുന്നതു കണ്ട് മുട്ട വായിലിട്ട് അതേ വേഗത്തിൽ ബസ്സോടിച്ച് അകത്തേക്കു പോയി.

"മോനാ..ഓനിപ്പം ക്വട്ടേഷനാ...ഇനി അഞ്ചിലേക്കാ.."

"ഓ വെക്കേഷൻ..."

എന്തിനേറെ പറയുന്നു..ഓരോ പ്രാവശ്യം അവരകത്തുപോവുമ്പോഴും ബസ്സ് വന്ന് ഓരോ മുട്ടയെടുത്തു പോവും..

ഒടുവിൽ പ്ലെയിറ്റിൽ ഒരു മുട്ട മാത്രം ബാക്കിയായി. അപ്പോഴാണ് ചെക്കന്റെ അടുത്തവരവ്. ഒരു മുട്ടയെങ്കിലും ഇവിടുന്ന് ഞാൻ തിന്നും എന്ന് കാവിലെ ദൈവങ്ങളെ വിളിച്ച് സത്യം ചെയ്ത നിധിൻ, അവന്റെ ഉമ്മ അവിടെ ഉണ്ടായിരുന്നിട്ട് കൂടി ചെക്കന് മുമ്പേ അവസാന മുട്ട കൈക്കലാക്കി ചെക്കനെ നോക്കി ഒരു വിജയ ചിരി ചിരിച്ചു.

ബസ്സ് നിർത്തി അവൻ അമ്മയെ ദയനീയമായി ഒന്ന് നോക്കി ഒരു ഹോണടിച്ചു.


പിൻപാര

"ഒന്നെങ്കിൽ ഒന്ന് നിനക്ക് കിട്ടീലേ.."കഥ വിവരിച്ച നിധിനോട് ഞാൻ പറഞ്ഞു.

"ഏട്ന്ന് രഞ്ചിത്തേട്ടാ...അന്നേരം ഓന്റെ ഉമ്മ എന്നോട് പറയ്ന്നാ.."

മോനേ ഒരെണ്ണമെങ്കിലും ഓന് കൊട്ത്തേക്ക്..ഓന് പുഴ്ങ്ങിയ മുട്ട പെര്ത്ത്ഷ്ടാ..

അടയ്ക്കയുടെ ഇക്കണോമിക്സ്

അടയ്ക്ക ആണ് ഞങ്ങള്‍ മടപ്പള്ളിക്കാരുടെ മുഖ്യ നാണ്യ വിള. പണ്ട്‌ കവുങ്ങുമ്മ കേറാന്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെ ആരും അത്രയും റിസ്കി ആയ പണിക്കു തയ്യാരാവുമായിരുന്നില്ല. അവനു ദുബായില്‍ പണി കിട്ടി പോയപ്പോള്‍ ഞങ്ങള്‍ മടപ്പള്ളിക്കാര്‍ പഴുത്തു  താഴെ  വീഴുന്നതും കടവാതില്‍ നീര് ചപ്പി താഴെ  ഇടുന്നതുമായ  അടക്കകള്‍ക്ക് കാത്തു നില്ക്കാന്‍ തുടങ്ങി. 
ഈ കഥ  നടക്കുന്നത്  കുഞ്ചു ഉണ്ടായിരുന്ന കാലത്താണ്. അവന്‍ അടയ്ക്ക പറിച്ചിട്ടു അത് ഉണക്കി കഴിഞ്ഞാല്‍ പിന്നെ അത് ഉരിക്കലാണ് പണി. ഇരുമ്പോലക്ക    കൊണ്ടോ റൈയിലിന്റെ എടേല് മഞ്ഞ ഗോപാലേട്ടന്‍ അടിച്ചു കയറ്റുന്ന ആപ്പ് കൊണ്ടോ തച്ചു തച്ച് വേണം അതുരിക്കാന്‍. അച്ഛന്‍ ആ പണി ഞങ്ങള്‍ കുട്ടികള്‍ക്ക് വീതിച്ചു തരും. നൂറു അടയ്ക്ക ഉരിച്ചാല്‍ അയിമ്പത് പൈശ - ഇതായിരുന്നു കണക്ക്. പലപ്പോഴും അടയ്ക്ക വിറ്റു കഴിഞ്ഞാല്‍ ആ വാഗ്ദാനം പാലിക്കപെടാറില്ല. ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ച് ഒന്നുമറിയാതെ ചിരിച്ചു നടക്കുന്ന മന്ത്രിമാരെ പോലെ അച്ഛനും നടക്കും. പക്ഷെ ഈ വിശ്വാസ വഞ്ചനയ്ക്ക് എന്റെ കയ്യില്‍ ഒരു മറുമരുന്ന് ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ പിടിക്കപെടുന്നതിന്റെ വക്കോളമെത്തിയ ഒരു സംഭവം ഉണ്ടായി. 
                                  
           അടയ്ക്ക വില്‍ക്കാന്‍ പോവാന്‍ അച്ഛന് എന്റെ സഹായം വേണം. പേപ്പറില്‍ അങ്ങാടി നിലവാരം മുടങ്ങാതെ നോക്കി വില കുത്തനെ കയറിയ ദിവസം അച്ഛന്‍ അടയ്ക്ക വില്‍ക്കാന്‍ തയ്യാറാവും. അന്ന് മടപ്പള്ളിയിലെ പോസ്റ്റ്‌ മാഷാണ് അച്ഛന്‍. വൈകുന്നേരം പോസ്റ്റ്‌ ഓഫീസ് പൂട്ടി അച്ഛന്‍ മടപ്പള്ളി എത്തുമ്പോള്‍ ഞാന്‍ അടയ്ക്കയുടെ ചാക്ക് കെട്ടുമായി അവിടെ എത്തണം. അവിടുന്ന് പിന്നെ ബസ് കയറി മുക്കാളിയില്‍ സുകുവേട്ടന്റെ പീട്യേല്‍ കൊണ്ട് പോയി വിറ്റ് തിരിച്ചു വരും. ഇതായിരുന്നു പതിവ്. 

           അന്ന് ഞാന്‍ ചാക്ക് കെട്ടുമായി മൂന്ന് മണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി. മടപ്പള്ളി എത്തി നേരെ ശശിയേട്ടന്റെ പീട്യെന്നു ഒരു കിലോ അടയ്ക്ക തൂക്കി വേറെയൊരു സഞ്ചിയിലാക്കി രണ്ടു രൂപയും കടം വാങ്ങി മുക്കാളിക്ക് ബസ് കയറി. സുകുവേട്ടന്റെ കണ്ണില്‍ പെടാതെ നേരെ റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ഒരു വയസ്സന്‍ കോയയുടെ കടയില്‍ കൊണ്ട് കൊടുത്തു. 
"ഇദു കൃത്യം ഒരു കിലോ തൂക്കി കൊണ്ടൊന്ന പോലെണ്ടല്ലോ മോനെ... !"

എനിക്ക് ദേഷ്യം വന്നു. ഇയാളെന്തിനാ അതൊക്കെ നോക്കുന്നത്. അടക്ക വാങ്ങി വെച്ച് പൈസ തന്നാ പോരെ....

"ഞ്ഞി ഇത്  പൊരെന്ന് കട്ട് കൊണ്ടോന്നതൊന്നും അല്ലാലോ.. ?" അയാള്‍ വിടാന്‍ ഭാവമില്ല. 

"ഞാളങ്ങനെയാ ... കൃത്യം തൂക്കത്തിന് ഉള്ളതെ കൊണ്ടെരൂ. പോരെ..."

"ഞ്ഞി ചൂടാവണ്ട മനേ... ഞാന്‍ വെറുതെ ചോദിച്ചതാ .." പൈസ എണ്ണി തരുമ്പോള്‍ കാക്ക പറഞ്ഞു. 

തിരിച്ചു വന്നു ശശിയേട്ടന്റെ രണ്ടു രൂപയും തിരിച്ചു കൊടുത്ത് ഒന്നുമറിയാത്തവനെ പോലെ അച്ഛനെ കാത്തിരുന്നു. 

ഞങ്ങള്‍ മുക്കാളി ബസ്സിറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു. 
"സുകു എപ്പോഴും കിലോനു അമ്പതു പൈസ കുറച്ചേ തരൂ. മ്മക്ക് അഹമ്മദൂട്ടി ഹാജീന്റെ പീട്യെ കൊടുക്കാം. വേം നടന്നോ. സുകു കാണണ്ട."

ഞാനൊന്ന് ഞെട്ടി. ആ വയസ്സന്‍ കാക്ക തന്നെ അല്ലേ അഹമ്മദൂട്ടി ഹാജി. 

പിന്‍പാര

"കൃത്യം തൂക്കത്തിന് ഉള്ളതെ കൊണ്ടെരു ന്ന് പറഞ്ഞിട്ട് ഇദു ഒമ്പതെ അറുനൂരുണ്ടല്ലോ... അല്ല ഞാന്‍ വെറുതെ ശോയിച്ചതാ. ..."  പല്ലില്ലാത്ത ഞൊന്ന് കാട്ടി ഹാജി ചിരിക്കുന്നു. കാര്യംമൊന്നും മനസ്സിലാവാതെ അച്ഛനും.

റോംഗ് കണക്ഷന്‍

വിത്തും ഞാനും എ ബി സിയില്‍ ഉള്ള കാലം. (വിത്ത് എന്നാല്‍ വിജിത്ത്: എന്റെ സഹചാരി). തിരുവള്ളൂര്‍ മുരളിയുടെ എ. ബി. സി. അന്ന് പല ഇടപാടുകളും നടത്തിയിരുന്ന ഒരു സ്ഥാപനമായിരുന്നു. അതിലൊന്നായിരുന്നു 'ശ്രീ ഗ്യാസ്' പ്രൈ ലിമിറ്റഡ്. ഭാരത്‌ ഗ്യാസിനും ഇന്ടേനും പഞ്ഞമുള്ള കാലം. ആവശ്യക്കാര്‍ക്ക് കണക്ഷന്‍ കിട്ടുന്നില്ല. അങ്ങനെ ആണ് ഞാനും വിത്തും ശ്രീ ഗ്യാസിന്റെ പ്രചാരകരായത്. ഒണക്ക മടലിന്റെ പൊക തട്ടി കണ്ണ് കലങ്ങിയ ചെറിയത്തെ മറിയുമ്മയും പാല്യാട്ടെ നാണി അമ്മയും പോലെയുള്ള മടപ്പള്ളിയിലെ വീട്ടമ്മമാരായിരുന്നു ഞങ്ങളുടെ ആദ്യ കസ്സ്ടമെര്സ്. ഗ്യാസ് തീരുന്നതിനനുസരിച്ചു സിലിണ്ടറുകള്‍ ഞങ്ങള്‍ മുറക്ക് എത്തിച്ചു കൊണ്ടിരുന്നു.
മുരളിയേട്ടന്റെ ഗ്യാസ് ബിസിനസ് പതുക്കെ പച്ച പിടിക്കാന്‍ തുടങ്ങി. പതുക്കെ ഞങ്ങളുടെ പ്രവര്‍ത്തന മേഖലയും വ്യാപിപ്പിച്ചു. വടകരയും അതിന്റെ ചുറ്റുപാടുകളുമുള്ള വീടുകളില്‍ ഈ ആവശ്യവുമായി ഞങ്ങള്‍ കയറി ഇറങ്ങാന്‍ തുടങ്ങി. പുകയൂതി കണ്ണ് കലങ്ങിയ സ്ത്രീകള്‍ ആയിരുന്നു ഞങ്ങളുടെ ടാര്‍ഗറ്റ് ഗ്രൂപ്പ്. വീട്ടിലെ ആണുങ്ങളെല്ലാം ജോലിക്ക് പോയ നേരം പതുക്കെ കയറി ചെല്ലണം. വീട്ടില്‍ ഗ്യാസ് കണക്ഷന്‍ ഉണ്ടോന്നു ചോദിച്ചു തുടങ്ങണം. ഇല്ലെങ്കില്‍ ഒന്നുണ്ടായാലുള്ള ഗുണങ്ങള്‍ വര്‍ണ്ണിക്കണം. എല്ലായ്പ്പോഴും തീരുമാനം അപ്പോള്‍ കിട്ടില്ല. പെണ്ണുങ്ങള്‍ സ്വയം തീരുമാനമെടുക്കുന്ന കാലം വടകരയില്‍ എത്തിയിട്ടില്ലല്ലോ. സാധ്യത ഉള്ള വീടുകള്‍ നോട്ട് ചെയ്തു ഒരു ആഴ്ച കഴിഞ്ഞു വീണ്ടും ചെല്ലണം. അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഒന്നും ഇത്ര പ്രചാരമായിട്ടില്ല. അത് കൊണ്ട് അത്തരം വീടുകളില്‍ വീണ്ടും ചെന്നേ മതിയാവൂ. ഒരു ആഴ്ച കഴിഞ്ഞു ചെല്ലുമ്പോള്‍ ഭര്‍ത്താവിന്റെ സമ്മതം വാങ്ങി പുഞ്ചിരിച്ചു നില്‍ക്കുന്നതാണ് കാണുന്നതെങ്കില്‍ പൈസയും മറ്റു കാര്യങ്ങളും പറഞ്ഞു വെച്ച് പിറ്റേന്ന് തന്നെ കണക്ഷന്‍ എത്തിച്ചു കൊടുക്കുന്നു. ഇതായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തന രീതി. 


അങ്ങനെ ആണ് ഒരു ദിവസം റെയില്‍വേ ലൈനിന്റെ പടിഞ്ഞാറുള്ള ഒരു വീട്ടില്‍ ഞങ്ങളെത്തുന്നത്. പുറത്തെ വാതില്‍ അടച്ചിട്ടാന്നെങ്കിലും പടിഞ്ഞാറേപ്പുറത്ത് തിരുമ്പുന്ന ഒച്ച കേള്‍ക്കുന്നുണ്ട്. 


"ക്കൂയി .. ഇവിടെ ആളില്ലേ.. !!"
"എന്തേനു..." വാതില്‍ തുറന്നു പ്രായം മുപ്പതിനോടടുത്ത ഒരു ചേച്ചി പുറത്തു വന്നു. 


"അല്ല ഇവിടെ ഗ്യാസ് കണക്ഷന്‍ ഉണ്ടോ...?" 
ഞങ്ങളുടെ സ്ഥിരം ചോദ്യാവലിയിലെ ആദ്യ ചോദ്യം. 


"ഇല്ലേനു പക്കെ ഞാള് കൊടിത്തിക്കുണ്ട്.."


"അത് ഇപ്പോന്നും കിട്ടൂല. ഇത് ഞാളെ പ്രൈവറ്റ് ഗ്യാസാ. ബുക്കിംഗ് ഒന്നൂല്ല. നാളെ തന്നെ കൊണ്ട് തരും. സിലിണ്ടറിന് പയിശേം കൊറവാ... " വിത്ത് ഫോമിലായി. 


"അല്ലോളീ മറ്റേത് കിട്ടുമ്പോ എന്താ ചെയ്യാ..."


"അത് വേണ്ടാന്നു പറഞ്ഞു ഇങ്ങള്‍ ഒരു വെള്ള കടലാസില് എഴുതി തന്നാ മതി". 


"ഞാന്‍ ഓരോടോന്നു പറഞ്ഞു നോക്കട്ടെ. ഓരിനി വെള്ളിയാഴ്ചയെ വിളിക്കൂ.. ദുബായിലാ... "


അടുത്ത ആഴ്ച വീണ്ടും അവിടെ വരണമെന്ന് നോട്ട് ചെയ്തു ഞങ്ങള്‍ മറ്റു വീടുകളിലേക്ക് നീങ്ങി. പല തിരക്കുകള്‍ കാരണം അടുത്ത ആഴ്ച ആ ഏരിയ കവര്‍ ചെയ്യാന്‍ ഞങ്ങള്‍ വിട്ടു പോയി. 


ഒരു ദിവസം രാവിലെ പുതിയ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയപ്പോള്‍ വിത്ത് പറഞ്ഞു. 
"ഡാ മ്മള് അന്ന് പോയ വീട്ടിലെ പെണ്ണുങ്ങളല്ലേ അത്. പിന്നെ മ്മള് അങ്ങോട്ട്‌ പോയിട്ടില്ലലോ. ഞാനൊന്ന് പോയി മുട്ടി നോക്കട്ടെ."
ശരി എന്ന് പറഞ്ഞു പാന്‍ പരാഗ് വാങ്ങാനായി ഞാന്‍ കടയിലേക്ക് നടന്നു. തിരിച്ചു വരുമ്പോള്‍ കാണുന്നത് ഒരാള്‍ക്കൂട്ടം. നടുവില്‍ ഒരുത്തനെ എല്ലാരും പിടിച്ചു പെരുമാറുന്നു. പെട്ടന്നൊരു നടുക്കത്തോടെ ഞാന്‍ മനസ്സിലാക്കി. ദൈവമേ വിത്തിനെ ആണ് നാട്ടുകാര്‍ ഈ പെരുമാറുന്നത്. 


പിന്‍പാര


ഒരു വിധത്തില്‍ പോലീസിന്റെ കയ്യിലാവാതെ അവിടുന്ന് രക്ഷപ്പെട്ടു കീര്‍ത്തി മുദ്രേലെക്കുള്ള വഴിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ വിത്തിനോട് ചോദിച്ചു. 
" അല്ല എന്തേനു പ്രശ്നം?"
"ഒന്നുല്ല വെറുതെയാ. ഞാന്‍ ചെന്ന് ഓരോട്‌ മ്മളെ കണക്ഷന്റെ കാര്യെന്തായി ഇങ്ങള് കെട്ട്യോനോട് ചോദിച്ചോന്ന് ചോദിച്ചിട്ടേ ഇള്ളൂ.. 
ഓരെ കൂടെള്ള പെണ്ണുങ്ങള്‍ അങ്ങ് തോടങ്ങിലെ മോനെ..."

ഇനീഷ്യല്‍ ഇല്ലാത്ത പേര്

'അനുപമ സ്റ്റോര്‍'സിലെ സുരേട്ടന്‍  ഇപ്പൊ ആരോടും തന്‍റെ ഇനിഷ്യല്‍ പറയാറില്ലത്രെ. പട്ടാളം ബാവയാണ് ഈ കഥ സുരേട്ടന്റെ പീട്യെന്നു തന്നെ ഇന്നലെ പറഞ്ഞത്. അതിനു കാരണമായ സംഭവം നടക്കുന്നത് കുറച്ചു പണ്ടാണ്, കൃത്യമായി പറഞ്ഞാല്‍ തൊള്ളായിരത്തി എഴുപത്തി മൂന്നില്‍.. അടിയന്തരാവസ്ഥയ്ക്കെതിരെ യുവജനരോഷം ആദ്യമായി സംഘടിപ്പിച്ച മടപ്പള്ളികോളേജും പരിസരവും എപ്പോഴും ഇന്ദിരയുടെ പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. 


'മടപ്പള്ളി പ്രിയേഷ്' അന്ന് നാദാപുരം റോഡിലാണ്. അവിടെ വരുന്ന മിക്കവാറും എല്ലാ സിനിമകളും യുവാവായ നമ്മുടെ സുരേട്ടന്‍ ഒഴിവാക്കിയിരുന്നില്ല. കട ഒഴിവുള്ള ശനിയാഴ്ച വടകരയില്‍ നിന്ന് സാധനങ്ങള്‍ ഒക്കെ എടുത്തു വന്നു കഴിഞ്ഞാല്‍ വീട്ടില്‍ പോയൊന്നു കുളിച്ച് ഭക്ഷണം കഴിച്ച് സിനിമ കാണാന്‍ ഇറങ്ങും. സുരേട്ടന്റെ അമ്മാവന്റെ പീട്യ കടന്നു വേണം പ്രിയേഷിലെത്താന്‍.. "എം എ അനന്തന്‍ സ്റ്റോര്‍സ് അന്നൊരു പേര് കേട്ട പീട്യ ആയിരുന്നു. അമ്മാവന്‍ കാണാതിരിക്കാന്‍ വേണ്ടി സുരേട്ടന്‍ തലയിലൂടെ ഒരു തോര്‍ത്ത് മുണ്ടിട്ടു കെട്ടിയായിരുന്നു പോകുന്നതും വരുന്നതും. ഒരു ദിവസം രാത്രി ഷോ കഴിഞ്ഞ്‌ വരുമ്പോള്‍ ബീച്ച് റോഡിലേക്ക് തിരിഞ്ഞതും മുന്നില്‍ രണ്ടു പോലീസുകാര്‍...
"നിക്കെടാ അവിടെ... #*#@&&@*. നീ നക്സല്‍ അല്ലേടാ..."
പോലീസുകാരന്‍ മുഖത്ത് ടോര്‍ച്ച് അടിച്ചു. 

"@#***%)!*$#@ മോനെ നീയെന്തിനാ മുഖം മൂടിയിട്ട് നടക്കുന്നത്?"

സുരേട്ടന്‍ ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്. ഇത്ര രാത്രി വൈകി എവിടുന്നാണ് വരുന്നതെന്ന അവരുടെ ചോദ്യത്തിനും ഉത്തരം പറയാന്‍ കഴിയില്ല. പ്രിയേഷില്‍ സിനിമ സീമയുടെ അവളുടെ രാവുകള്‍ ആണ്. 

"പറയെടാ പുന്നാര മോനെ എവിടെയേനു ഇങ്ങളുടെ രഹസ്യ മീറ്റിംഗ്..?"

ഇനി ഒരു വിധത്തിലും രക്ഷയില്ലെന്നു സുരേട്ടന് മനസ്സിലായി. പോലീസുകാര്‍ തന്നെ നക്സലുകളുടെ നേതാവാക്കും. എടച്ചേരി പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ പ്ലാന്‍ ഇട്ടെന്നു വരുത്തി തീര്‍ക്കും. 

"എന്താടാ ഇന്റെ പേര്..?" പോലീസുകാരന്‍ കുപ്പായ കീശയില്‍ നിന്നും ഒരു ചെറിയ പുസ്ടകമെടുത്തു എഴുതാന്‍ തയ്യാറായി. അപ്പോഴാണ്‌ സുരേട്ടന്റെ ബള്‍ബ് കത്തിയത്. 

അമ്മാവന്റെ പേരില്‍ രക്ഷപ്പെടാം. അതിനു ഏറ്റവും നല്ല ഉപായം തന്‍റെ ഇനിഷ്യല്‍ ആണ്. എം.എ അനന്തന്‍റെ മരുമകന്‍ എം.എ സുരേന്ദ്രന്‍.. ഉഗ്രന്‍ ഐഡിയ തന്നെ. 

"സുരേന്ദ്രന്‍... എം.എ"

പേര് പറഞ്ഞു തീര്‍ന്നില്ല. ചെവിടടക്കി ഒന്ന് കിട്ടി. 

"പേര് ചോദിച്ചതിനു ഞ്ഞി എന്തിനാ @#$%*&^*#@ മോനെ ഇന്റെ ഡിഗ്രിയും കൂടെ പറയെന്ന്.. ഞ്ഞി എന്ത് എം എ ആയ എനെക്കെന്താ"

അന്ന് നക്ഷത്രങ്ങള്‍ കണ്ടതിനു ശേഷവും മണിയനീച്ചയുടെ മൂളല്‍ കേട്ടതിനു ശേഷവും സുരേട്ടനിത് വരെ ആരോടും തന്‍റെ ഇനിഷ്യല്‍ പറഞ്ഞിട്ടില്ലത്രേ. 

പിന്‍പാര 

"അപ്പൊ സുരേട്ടന്റെ പീട്യെന്റെ ലൈസന്‍സ് ഒന്ന് നോക്കെട്ടെ...!"
"അതെന്ത് നോക്കാനാ. ബാവ പറഞ്ഞു. അയിലുള്ള പേര് സുരേന്ദ്രന്‍ 'മാനീന്‍റെ അവിടെ' എന്നാണ്            

നാക്കിന്റെ മറിമായംമടപ്പള്ളി പണ്ടൊരു സജീവനുണ്ടായിരുന്നു. പണ്ടല്ല ട്ടോ .. ഇപ്പഴും ണ്ട്.  കൊയമാട്ടി സജീവന്‍ എന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും തിരിയും. അത്രക്ക് ബമ്പനാ ഓന്‍. ഓന്റെ നാക്കാണ് വില്ലന്‍. എന്ത് പറഞ്ഞാലും അത് നടക്കും. ഗുളികന്റെ കോട്ടയാണ് ഓന്റെ നാക്കെന്നാണ് മ്മളെ കൂമ്പ് വിജയെന്റെ കണ്ടുപിടുത്തം. 


സജീവന്‍ ഒരു ദിവസം കോളേജ് ഗ്രൌണ്ടിലേക്ക് പോന്ന വഴി മ്മളെ ഖദീശ ഉമ്മേന്റെ നാലഞ്ച് ആട്ടിന്‍കുട്ടികള്‍ നിന്ന് പുല്ല് തിന്നിന്നത്‌ കണ്ടു. അതില്‍ രണ്ടെണ്ണം അലക്ക് കല്ലിന്റെ മോളില് കേറി നിന്ന് അടിയും കൂടുന്നുണ്ടായിരുന്നു. ഒടനെ വന്ന് സജീവന്റെ വായിന്ന് കമന്റ്‌.
"ഉജാല മുക്കിയിട്ടത് പോലെ അല്ലെ കെടക്കുന്നത്. "
നാലു ദിവസത്തിനുള്ളില്‍ എല്ലാ ആട്ടിന്‍ കുട്ട്യോളും ചത്ത്‌ പോയെന്നതു മടപ്പള്ളി ചരിത്രത്തിലെ ഒരേട്‌. 


എടക്കണ്ടി കുന്നുമ്മല് മണ്ണ് കോരാന്‍ വന്ന ജെ സീ ബി കാണാന്‍ എല്ലാരും പോന്നെ കൂട്ടത്തില്‍ സജീവനും പോയി. അവിടെ മണ്ണ് കോരല്‍ തകൃതിയില്‍ നടക്കുകയാണ്. 
"തുമ്പികൈ കൊണ്ട് അങ്ങനെ കോരി കോരി ഇടുന്ന് ല്ലേ. ഇങ്ങനെ പണി എടുത്താല്‍ ഇവന് വരുത്തം ഒന്നും വരുല്ലോളി.. "
നാക്ക് വായിലിട്ടില്ല. അതിനു മുന്‍പേ ഒരു വിറയലോടെ ജെ സീ ബി  പണി മതിയാക്കി. പിന്നെ കോഴിക്കോട്ന്നു സര്‍വീസ് എഞ്ചിനീയര്‍ വന്ന് അത് ശരിയാക്കാന്‍ വയിന്നേരമായി.


ഓന്റെ നാക്കിന്റെ ശക്തി ശരിക്കും അറിഞ്ഞത് മ്മളെ ഗുമ്മു സുജി ആണ്. സജീവന്‍ ഒരു ദിവസം ബ്രെതെര്‍സില്‍ കേറി ചെല്ലുമ്പോള്‍ സുജി അവിടെ ഇരുന്നു ചായ കുടിക്കുന്നാണ്. 
"ഇദിങ്ങനെ ഉള്ളിലേക്ക് പോക്ക് മാത്രേ ഉള്ളു മോനെ....!! കൊറേ നേരായല്ലോ ഇങ്ങനെ കെടന്നു ചവക്കുന്നു."
സുജി അന്നേരം തൊട്ട് നിര്‍ത്താതെ തൂറാന്‍ തൊടങ്ങിയതും മാഹി ആസ്പത്രി പോയി പ്ലുഗ് ഇടേണ്ടി വന്നതും പ്രസിദ്ധീകരണ യോഗ്യമല്ല എന്ന് കണ്ടതിനാല്‍ ഇവിടെ എഴുതുന്നില്ല. 


പിന്‍പാര
ഓനെ കൂട്ടി നടക്കണ്ടാന്നു സുരേട്ടന്‍ എപ്പോഴും സുര്‍ജീനോട് പറയും. പക്ഷെ ചെലര് കൊണ്ടാലേ പഠിക്കു. മടപ്പള്ളി പ്രിയേഷിന്നു സെക്കന്റ്‌ ഷോയും കഴിഞ്ഞു വരുമ്പോള്‍, റോഡ്‌ സൈഡില്‍ നിന്ന് നീട്ടി മൂത്രം ഒഴിക്കുന്ന സുര്‍ജീനെ നോക്കി കൊയമാട്ടി പറഞ്ഞു......!!!
-------------------------------------------------------------------!!!

ഒരു ക്ലോസെറ്റ് മഹാ ചരിതംഒരു വൈകുന്നേരം സുരേട്ടന്റെ പീട്യെലേക്ക് കേറി ചെല്ലുമ്പോ തലേല് കയ്യും കൊടുത്തിരിക്കുന്ന സുരേഷ് മാഷെയാണ് കാണുന്നത്.
" എന്താ മാഷേ പ്രശ്നം ?"
"ഒന്നും പറയണ്ട , ഞാനിമ്മളെ ഗോപീനെ ഒര് പണിക്ക് വിളിച്ചിട്ട് കുടുങ്ങിപ്പോയെന്റെ മോനേ... ഓനെ വിളിക്കണ്ടാന്ന് സുരേട്ടന്‍ അന്നേ പറഞ്ഞതാ . "

ആ കുടുങ്ങല്‍ എന്താണെന്ന് മാഷ്‌ വിശദീകരിച്ചു . അത് പറയുന്നതിന് മുമ്പേ ഗോപിയെ ഒന്ന് പരിചയപ്പെടുത്താം.

പണ്ട് മീന്‍ വിക്കലായിരുന്നു ഗോപിക്ക് പണി . സരോയിനിയേടത്തിക്കും ജാനുവമ്മക്കും കടം കൊടുത്ത മീനിന്റെ പൈശ കിട്ടാണ്ടായപ്പോ ആ കച്ചോടം പൂട്ടി നെരത്തുമ്മല് സന്ധ്യക്ക്‌ പെട്ടിക്കടയിട്ട് കല്ലുമ്മക്കായ നെറച്ചതും കോഴിക്കാലും(മ്മള് മരക്കേങ്ങ് ചീന്തിയിട്ടിട്ട് മസാല കൂട്ടിപ്പിടിച്ച് വറുത്തെടുക്കുന്ന സാധനം തന്നെ ..) വിക്കലായി പണി . ആ കച്ചോടോം ഗുണം പിടിക്കിന്നില്ലാന്നു കണ്ടേരം മൂപ്പരൊന്നു മുങ്ങി . ഗള്‍ഫില്‍ പോയതാന്ന് ആള്‍ക്കാര് പറഞ്ഞു നടന്നു . മരുതോങ്കര മര്ന്ന് വിക്കാന്‍ പോയ റെപ്പ് കുമാറാണ് ഗോപീനെ അവിടെ കണ്ട വിവരം പാട്ടാക്കിയത് .

" ഓനാടെ ഏതോ ഒരു തെക്കന്‍ പരോന്റെ കൂടെ നിന്നിട്ട്‌ കെട്ട് പടിക്ക്ന്നാന്ന് , അല്ലാണ്ട് ഇങ്ങളെ ഗള്‍ഫിലും ബിലാത്തിയൊന്നും പോയതല്ല."

എന്തായാലും അഞ്ചാറ് മാസം കഴിഞ്ഞപ്പം ഗോപി ഒരു പുതിയ പരോന്റെ അവതാരത്തില്‍ മടപ്പള്ളി ലാന്‍ഡ്‌ ചെയ്തു. പണിക്കാരെ കണ്ടു കിട്ടാന്‍ പാടുപെടുന്ന മടപ്പള്ളിക്കാര്‍ക്ക് അവന്റെ വരവ് ഒരല്‍പ്പം ആശ്വാസമായി. അല്ലറ ചില്ലറ പണികളൊക്കെ അവനെ ഏല്‍പ്പിക്കാനും തുടങ്ങി. കയ്യാള് വേണ്ടാത്ത ഗോപിയാണ് ഇക്കൊണോമിക്കല്‍ എന്നായിരുന്നു മടപ്പള്ളിക്കാരുടെ പുതിയ കണ്ടുപിടുത്തം.

ആ ഗോപിയെ ആണ് സുരേഷ് മാഷ്‌ പണിക്കു വിളിച്ചത്. മാഷെ അമ്മ പ്രായമായതു കൊണ്ട് പടിഞ്ഞാറ്റയോട് ചേര്‍ത്ത് അകത്തു നിന്ന് പോവാന്‍ പറ്റുന്ന ഒരു കക്കൂസ് ഉണ്ടാക്കിയിട്ടിട്ട് കൊറേ കാലായി, പക്ഷെ ഇത് വരെ ക്ലോസെറ്റ് വെക്കാന്‍ പറ്റിയിട്ടില്ല. അതൊന്നു ഒറപ്പിച്ചു വെക്കാനാണ് ഗോപിയോട് പറഞ്ഞത്. എന്നിട്ട് വേണം സുനിയോട് പ്ലംബിങ്ങിനു വരാന്‍ പറയാന്‍. അന്ന് ട്രഷറിയില്‍ എന്തോ പണി ഉണ്ടായിരുന്നത് കൊണ്ട് മാഷ്‌ സിമെന്റും പൂഴിയൊക്കെ കാണിച്ചു കൊടുത്തിട്ട് ഗോപിയോട് ചോദിച്ചു. "നീ ഒറ്റയ്ക്ക് ചെയ്യൂലെടാ.? എനിക്കൊന്നു വടകര വരെ പോണം.."

"ഓ ഇങ്ങള് പോട്... ഇതെല്ലം ഞാനേറ്റു.... "
മാഷ്‌ വടകരെന്ന് ബസ്സ്‌ ഇറങ്ങുമ്പം ഗോപി അയാളെ കാത്തു അവിടെ നിക്കുന്നുണ്ടായിരുന്നു.
"പണി കഴിഞ്ഞോടാ......?"
"അത് പതിനൊന്നു മണി ആവുമ്പോഴേക്കും കഴിഞ്ഞു. ഇങ്ങളൊരു ഇരുനൂറ് തന്നേക്ക്‌... "

പൈസയും കൊടുത്തു മാഷ്‌ നേരെ സുരേട്ടന്റെ പീട്യെലേക്ക് കേറി. പിന്നാലെ ഗോപിയും വന്നു. സിഗരറ്റ് വാങ്ങാന്‍. സിഗരെറ്റിനു തീ കൊടുക്കുമ്പോ ഗോപി മാഷോട് ചോദിക്കുകയാണ്.

" അല്ല മാഷെ ... ഇങ്ങളെ അമ്മക്ക് നല്ല വയസില്ലേ...! ഓര്‍ക്ക്‌ ഇണ്ടാക്കി കോടുക്കുന്ന കക്കൂസിനെങ്കിലും ഇങ്ങനെ പിശുക്കാണ്ട് ചെലവാക്കിക്കൂടെനോ ആ കാല് വെക്കുന്ന സാധനത്തിനു അത്രയല്ലേ വരൂ... ! !! ഇത്ര നല്ല കക്കൂസൊക്കെ ഇണ്ടാക്കി ഇട്ടിട്ടു ആ ക്ലോസെറ്റ് മാത്രം വെച്ചിട്ട് ഒരു ഗുമ്മു വരുന്നില്ല. അയിനു കാല് വെക്കാനുള്ള സാധനം വാങ്ങി വെച്ചിട്ട് വിളിക്ക്. ഞാന്‍ ഒരു ദിവസം വന്നിട്ട് വെച്ച് തരാം..."

അത് കേട്ടിട്ടാണ് മാഷ്‌ തലേല് കൈ വെച്ചിരുന്നു പോയത്.


പിന്‍പാര

"അതിന്‌ നിങ്ങളെന്തിനാണ് ഇത്ര വല്ല്യ പ്രശ്നം ആക്കുന്നത്. നാദാപുരംറോട്ടിന്നു അതങ്ങ് വാങ്ങി കൊടുക്കരുതോ...? സുരേട്ടന്‍ ചോദിച്ചു

"എന്റെ സുരേട്ടാ ഞാന്‍ വാങ്ങിയത് യൂറോപ്പിയന്‍ ക്ലോസെറ്റ് ആണ്... അതല്ലേ പ്രശ്നം...!!"


ഒരു പൈസ കണക്ക്
തോടന്‍ വിജയനെ അറിയാത്തവരായി മടപ്പള്ളിയില്‍ ആരുണ്ട്‌?
റോഡ് പണ്ട് ഇപ്പര്‍തൂടെ ഇള്ളപ്പം ബസ്സെറങ്ങി വരുമ്പം കേക്കാം ഓന്റെ കൂക്കി. കഞ്ചാവിന്റെലഹരീല്‍ ഇള്ള പാട്ടാണ് അയിന്റെ പിന്നാലെ....
'കൊയിക്കൊട്ട ചെക്കാ... ഇന്റെ പെണ്ണിന് എന്താ വെരുത്തം...'
പാട്ട് ബസ്സ് സ്റ്റോപ്പില്‍ നിന്നാണ്. തോടന് കെടക്കാന്‍ മാത്രമാണ് ആ ബസ്സ് സ്റ്റോപ്പ്‌. ആ പാട്ട്പാടാത്ത നേരത്ത് തോടനെ കാണണമെങ്കില്‍ കുന്നു കേറണം. അസൈനാരിക്കന്റെ ഒരു ഗോടൌന്‍ഇല്ലേ ഇമ്മളെ കോളേജിന്റെ പടീന്റെ അടുത്ത്, ആട്ന്നു വല്യ ചാക്ക് അരി എടിത്ത് കൊണ്ടെരുംപീടിയെലേക്ക്. അഞ്ച് ഉര്‍പ്യ ആണ് അസ്സൈനാര്‍ അയിനു കൊടെക്കുന്നത്. അത് കിട്ടിയാല്‍തോടന്‍ നേരെ സുരേട്ടന്റെ കടേല് വരും. ഒരു കെട്ട് ബീടിക്കാണ്.
അത്തരത്തിലുള്ള ഒരു വരവിലാണ് തോടന്‍ റഫീക്കിനെ കാണുന്നത്. റഫീക്ക് ഗള്‍ഫില്‍ നിന്നു വന്നിട്ട്ഒരാഴ്ച്ച ആവുന്നെ ഉണ്ടായിരുന്നുള്ളു.


"ഒരുര്‍പ്യോട്ടെ" സ്വതസിദ്ധമായ സ്റ്റൈലില്‍ തോടന്‍ ചോദിച്ചു.
റഫീക്ക് പോക്കറ്റുന്നു ഒരു പത്തുര്‍പ്യ എടുത്തു നീട്ടി . "ഇദു ബെച്ചോ "


സുരേട്ടന്റെ അടുത്ത്ന്നു അയിനു ചില്ലറ വാങ്ങീട്ടു ബാക്കി ഒമ്പോര്‍പ്യ തിരിച്ചു കൊടുക്കുമ്പോ തോടന്‍ഗള്‍ഫുകാരനോട്‌ പറഞ്ഞു .
" ഏദു ഗള്ഫിപ്പോയിട്ടെന്താ ചില്ലറ കയ്യില് മാണ്ടേ ..........!"
"വേണ്ട അതും വിജയേട്ടന്‍ വെച്ചോ..." റഫീക്ക്
"എനക്കിഞ്ഞി വെറുതെ തെരുന്ന പൈശ ഒന്നും വേണ്ട. ഉര്‍പ്യ ചോയിച്ചാ അത്രെ തന്നാ മതി"


പിന്‍പാര


ദിവസങ്ങള്‍ കഴിഞ്ഞു ഒരിക്കല്‍ കണ്ണൂക്കരയില്‍ വെച്ചു റഫീക്ക് ഭാര്യാ പിതാവിനോടൊപ്പം എവിടെയോ പോയി വരുമ്പോള്‍ മുന്നിലുണ്ട് പൊട്ടി മുളച്ചത് പോലെ തോടന്‍....
"ആന്ന് തന്ന ഒമ്പോര്‍പ്യ ഇപ്പൊ എടെക്ക്‌...."