അടയ്ക്കയുടെ ഇക്കണോമിക്സ്

അടയ്ക്ക ആണ് ഞങ്ങള്‍ മടപ്പള്ളിക്കാരുടെ മുഖ്യ നാണ്യ വിള. പണ്ട്‌ കവുങ്ങുമ്മ കേറാന്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെ ആരും അത്രയും റിസ്കി ആയ പണിക്കു തയ്യാരാവുമായിരുന്നില്ല. അവനു ദുബായില്‍ പണി കിട്ടി പോയപ്പോള്‍ ഞങ്ങള്‍ മടപ്പള്ളിക്കാര്‍ പഴുത്തു  താഴെ  വീഴുന്നതും കടവാതില്‍ നീര് ചപ്പി താഴെ  ഇടുന്നതുമായ  അടക്കകള്‍ക്ക് കാത്തു നില്ക്കാന്‍ തുടങ്ങി. 
ഈ കഥ  നടക്കുന്നത്  കുഞ്ചു ഉണ്ടായിരുന്ന കാലത്താണ്. അവന്‍ അടയ്ക്ക പറിച്ചിട്ടു അത് ഉണക്കി കഴിഞ്ഞാല്‍ പിന്നെ അത് ഉരിക്കലാണ് പണി. ഇരുമ്പോലക്ക    കൊണ്ടോ റൈയിലിന്റെ എടേല് മഞ്ഞ ഗോപാലേട്ടന്‍ അടിച്ചു കയറ്റുന്ന ആപ്പ് കൊണ്ടോ തച്ചു തച്ച് വേണം അതുരിക്കാന്‍. അച്ഛന്‍ ആ പണി ഞങ്ങള്‍ കുട്ടികള്‍ക്ക് വീതിച്ചു തരും. നൂറു അടയ്ക്ക ഉരിച്ചാല്‍ അയിമ്പത് പൈശ - ഇതായിരുന്നു കണക്ക്. പലപ്പോഴും അടയ്ക്ക വിറ്റു കഴിഞ്ഞാല്‍ ആ വാഗ്ദാനം പാലിക്കപെടാറില്ല. ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ച് ഒന്നുമറിയാതെ ചിരിച്ചു നടക്കുന്ന മന്ത്രിമാരെ പോലെ അച്ഛനും നടക്കും. പക്ഷെ ഈ വിശ്വാസ വഞ്ചനയ്ക്ക് എന്റെ കയ്യില്‍ ഒരു മറുമരുന്ന് ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ പിടിക്കപെടുന്നതിന്റെ വക്കോളമെത്തിയ ഒരു സംഭവം ഉണ്ടായി. 
                                  
           അടയ്ക്ക വില്‍ക്കാന്‍ പോവാന്‍ അച്ഛന് എന്റെ സഹായം വേണം. പേപ്പറില്‍ അങ്ങാടി നിലവാരം മുടങ്ങാതെ നോക്കി വില കുത്തനെ കയറിയ ദിവസം അച്ഛന്‍ അടയ്ക്ക വില്‍ക്കാന്‍ തയ്യാറാവും. അന്ന് മടപ്പള്ളിയിലെ പോസ്റ്റ്‌ മാഷാണ് അച്ഛന്‍. വൈകുന്നേരം പോസ്റ്റ്‌ ഓഫീസ് പൂട്ടി അച്ഛന്‍ മടപ്പള്ളി എത്തുമ്പോള്‍ ഞാന്‍ അടയ്ക്കയുടെ ചാക്ക് കെട്ടുമായി അവിടെ എത്തണം. അവിടുന്ന് പിന്നെ ബസ് കയറി മുക്കാളിയില്‍ സുകുവേട്ടന്റെ പീട്യേല്‍ കൊണ്ട് പോയി വിറ്റ് തിരിച്ചു വരും. ഇതായിരുന്നു പതിവ്. 

           അന്ന് ഞാന്‍ ചാക്ക് കെട്ടുമായി മൂന്ന് മണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി. മടപ്പള്ളി എത്തി നേരെ ശശിയേട്ടന്റെ പീട്യെന്നു ഒരു കിലോ അടയ്ക്ക തൂക്കി വേറെയൊരു സഞ്ചിയിലാക്കി രണ്ടു രൂപയും കടം വാങ്ങി മുക്കാളിക്ക് ബസ് കയറി. സുകുവേട്ടന്റെ കണ്ണില്‍ പെടാതെ നേരെ റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ഒരു വയസ്സന്‍ കോയയുടെ കടയില്‍ കൊണ്ട് കൊടുത്തു. 
"ഇദു കൃത്യം ഒരു കിലോ തൂക്കി കൊണ്ടൊന്ന പോലെണ്ടല്ലോ മോനെ... !"

എനിക്ക് ദേഷ്യം വന്നു. ഇയാളെന്തിനാ അതൊക്കെ നോക്കുന്നത്. അടക്ക വാങ്ങി വെച്ച് പൈസ തന്നാ പോരെ....

"ഞ്ഞി ഇത്  പൊരെന്ന് കട്ട് കൊണ്ടോന്നതൊന്നും അല്ലാലോ.. ?" അയാള്‍ വിടാന്‍ ഭാവമില്ല. 

"ഞാളങ്ങനെയാ ... കൃത്യം തൂക്കത്തിന് ഉള്ളതെ കൊണ്ടെരൂ. പോരെ..."

"ഞ്ഞി ചൂടാവണ്ട മനേ... ഞാന്‍ വെറുതെ ചോദിച്ചതാ .." പൈസ എണ്ണി തരുമ്പോള്‍ കാക്ക പറഞ്ഞു. 

തിരിച്ചു വന്നു ശശിയേട്ടന്റെ രണ്ടു രൂപയും തിരിച്ചു കൊടുത്ത് ഒന്നുമറിയാത്തവനെ പോലെ അച്ഛനെ കാത്തിരുന്നു. 

ഞങ്ങള്‍ മുക്കാളി ബസ്സിറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു. 
"സുകു എപ്പോഴും കിലോനു അമ്പതു പൈസ കുറച്ചേ തരൂ. മ്മക്ക് അഹമ്മദൂട്ടി ഹാജീന്റെ പീട്യെ കൊടുക്കാം. വേം നടന്നോ. സുകു കാണണ്ട."

ഞാനൊന്ന് ഞെട്ടി. ആ വയസ്സന്‍ കാക്ക തന്നെ അല്ലേ അഹമ്മദൂട്ടി ഹാജി. 

പിന്‍പാര

"കൃത്യം തൂക്കത്തിന് ഉള്ളതെ കൊണ്ടെരു ന്ന് പറഞ്ഞിട്ട് ഇദു ഒമ്പതെ അറുനൂരുണ്ടല്ലോ... അല്ല ഞാന്‍ വെറുതെ ശോയിച്ചതാ. ..."  പല്ലില്ലാത്ത ഞൊന്ന് കാട്ടി ഹാജി ചിരിക്കുന്നു. കാര്യംമൊന്നും മനസ്സിലാവാതെ അച്ഛനും.

No comments:

Post a Comment

അഭിപ്രായം ആവാം....