അക്കളി ഇക്കളി തീക്കളിയാണേ.....

"അമ്മയാണെ നേര്.... ഇനി തീ കൊട്ക്കൂല...ചണ്ടി ആടെത്തന്നെ കെടന്നോട്ടെ എനക്കെന്താ...."

ഇതാണ് സുരേട്ടൻ പറഞ്ഞതെന്നാണ് മിൽട്രീ ബാവേന്റെ പുതിയ കഥ. അനുപമ സ്റ്റോർസിന്റെ മുന്നിൽ ഒരു പുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടതാണ് ഈ പുതിയ കഥയുടെ പ്രചോദനം.

"തീ കൊടുക്കുന്നതല്ല"..

പീട്യേന്റെ മുന്നിലെ ചണ്ടി അപ്പാട്  അടിച്ച് കൂട്ടി ഒന്നിക്കൊന്നരാടം തീയിടലല്ലേ സുരേട്ടന്റെ ഹോബി...എന്നിറ്റ് അയിന്റെ പൊക കൊണ്ട് സൊയിര്യല്ലാണ്ടായപ്പൊ മ്മളെ ചൊപ്പ ശശി ഒന്ന് രണ്ടൂട് ഓറോട് മര്യായിക്ക് പറഞ്ഞോക്കി...സുരേട്ടാ ചണ്ടി ങ്ങള് അടിച്ചൂട്ടി വെച്ചോ.... മ്മക്ക് ആരൂല്ലാത്ത ഞാറാഴ്ച്ചാറ്റം തീയിടാം...കായ് പൊക ഇട്ന്നേന്റോട്ട് ഞാളെ ഇങ്ങനെ ഒന്നിക്കൊന്നരാടം പയ്പ്പിക്കണ്ടാലോ...

"ഇഞ്ഞി ചെലക്കാണ്ട് പോട്യാ" ന്ന് അർത്ഥം വരുന്ന വാക്കുകൾ കുറച്ച് കൂടി സഭ്യമായി സുരേട്ടൻ ശശിയോട് മറുപടിച്ചത്രെ....

എന്നാപ്പിന്നെ ഇനിക്കൊര് കോള്ന്ന് ശശിയും നിരീച്ചു.... പിറ്റേന്ന് സുരേട്ടൻ കുപ്പക്ക് തീ കൊട്ത്തതും ശശി ചോമ്പാല പോലീസ് സ്റ്റേഷനിലേക്കൊരു അജ്ഞാത കോൾ....

"മടപ്പള്ളി അങ്ങാടിയിൽ ബോംമ്പ്"

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത സുകേഷും സംഘവും മടപ്പള്ളിയിൽ കുതിച്ചെത്തിയപ്പോഴേക്കും, ആരും കാണാതെ കടലാസിൽ പൊതിഞ്ഞ് ശശി ചണ്ടിക്കൂനയിൽ നിക്ഷേപിച്ച രണ്ട് ഓലപ്പൊട്ടാസ് ഗംഭീര ശബ്ദത്തോടെ പൊട്ടി കഴിഞ്ഞിരുന്നു....

കൺഫ്യൂഷനിൽ നിന്ന മടപ്പള്ളിക്കൂട്ടത്തോട് ശശി പൊട്ടിച്ചു....
"എൻഡീയെഫ് ഒളിപ്പിച്ച സ്റ്റീൽ ബോംബാന്ന് തോന്ന്ന്ന്..."

പോരെ കഥ...
പോലീസുകാർ ചണ്ടിക്ക് തീ കൊട്ത്ത സുരേട്ടന് ശിക്ഷ വിധിച്ചു. 108 പ്രാവശ്യം എഴുതുക...

"ഇനി തീ കൊട്ക്കുന്നതല്ല"
അയിലൊരു കടലാസെട്ത്ത് പോലീസ്കാര് പീട്യേന്റെ മുന്നില് ഒട്ടിച്ച് വെച്ചു. ..

ഞ്ഞി എനി മറന്ന് പോയീന്ന് പറയര്ത്...

വാൽ കഷ്ണം: തീ കൊട്ക്കൂല ന്നാ ള്ളൂ...തീപ്പെട്ടി ആ മതില്മ്മല് ഇണ്ട് ന്ന് പറയാം.... മ്മക്ക് കച്ചോടം നടക്കണ്ടേ..

No comments:

Post a Comment

അഭിപ്രായം ആവാം....