ഒരു ക്ലോസെറ്റ് മഹാ ചരിതംഒരു വൈകുന്നേരം സുരേട്ടന്റെ പീട്യെലേക്ക് കേറി ചെല്ലുമ്പോ തലേല് കയ്യും കൊടുത്തിരിക്കുന്ന സുരേഷ് മാഷെയാണ് കാണുന്നത്.
" എന്താ മാഷേ പ്രശ്നം ?"
"ഒന്നും പറയണ്ട , ഞാനിമ്മളെ ഗോപീനെ ഒര് പണിക്ക് വിളിച്ചിട്ട് കുടുങ്ങിപ്പോയെന്റെ മോനേ... ഓനെ വിളിക്കണ്ടാന്ന് സുരേട്ടന്‍ അന്നേ പറഞ്ഞതാ . "

ആ കുടുങ്ങല്‍ എന്താണെന്ന് മാഷ്‌ വിശദീകരിച്ചു . അത് പറയുന്നതിന് മുമ്പേ ഗോപിയെ ഒന്ന് പരിചയപ്പെടുത്താം.

പണ്ട് മീന്‍ വിക്കലായിരുന്നു ഗോപിക്ക് പണി . സരോയിനിയേടത്തിക്കും ജാനുവമ്മക്കും കടം കൊടുത്ത മീനിന്റെ പൈശ കിട്ടാണ്ടായപ്പോ ആ കച്ചോടം പൂട്ടി നെരത്തുമ്മല് സന്ധ്യക്ക്‌ പെട്ടിക്കടയിട്ട് കല്ലുമ്മക്കായ നെറച്ചതും കോഴിക്കാലും(മ്മള് മരക്കേങ്ങ് ചീന്തിയിട്ടിട്ട് മസാല കൂട്ടിപ്പിടിച്ച് വറുത്തെടുക്കുന്ന സാധനം തന്നെ ..) വിക്കലായി പണി . ആ കച്ചോടോം ഗുണം പിടിക്കിന്നില്ലാന്നു കണ്ടേരം മൂപ്പരൊന്നു മുങ്ങി . ഗള്‍ഫില്‍ പോയതാന്ന് ആള്‍ക്കാര് പറഞ്ഞു നടന്നു . മരുതോങ്കര മര്ന്ന് വിക്കാന്‍ പോയ റെപ്പ് കുമാറാണ് ഗോപീനെ അവിടെ കണ്ട വിവരം പാട്ടാക്കിയത് .

" ഓനാടെ ഏതോ ഒരു തെക്കന്‍ പരോന്റെ കൂടെ നിന്നിട്ട്‌ കെട്ട് പടിക്ക്ന്നാന്ന് , അല്ലാണ്ട് ഇങ്ങളെ ഗള്‍ഫിലും ബിലാത്തിയൊന്നും പോയതല്ല."

എന്തായാലും അഞ്ചാറ് മാസം കഴിഞ്ഞപ്പം ഗോപി ഒരു പുതിയ പരോന്റെ അവതാരത്തില്‍ മടപ്പള്ളി ലാന്‍ഡ്‌ ചെയ്തു. പണിക്കാരെ കണ്ടു കിട്ടാന്‍ പാടുപെടുന്ന മടപ്പള്ളിക്കാര്‍ക്ക് അവന്റെ വരവ് ഒരല്‍പ്പം ആശ്വാസമായി. അല്ലറ ചില്ലറ പണികളൊക്കെ അവനെ ഏല്‍പ്പിക്കാനും തുടങ്ങി. കയ്യാള് വേണ്ടാത്ത ഗോപിയാണ് ഇക്കൊണോമിക്കല്‍ എന്നായിരുന്നു മടപ്പള്ളിക്കാരുടെ പുതിയ കണ്ടുപിടുത്തം.

ആ ഗോപിയെ ആണ് സുരേഷ് മാഷ്‌ പണിക്കു വിളിച്ചത്. മാഷെ അമ്മ പ്രായമായതു കൊണ്ട് പടിഞ്ഞാറ്റയോട് ചേര്‍ത്ത് അകത്തു നിന്ന് പോവാന്‍ പറ്റുന്ന ഒരു കക്കൂസ് ഉണ്ടാക്കിയിട്ടിട്ട് കൊറേ കാലായി, പക്ഷെ ഇത് വരെ ക്ലോസെറ്റ് വെക്കാന്‍ പറ്റിയിട്ടില്ല. അതൊന്നു ഒറപ്പിച്ചു വെക്കാനാണ് ഗോപിയോട് പറഞ്ഞത്. എന്നിട്ട് വേണം സുനിയോട് പ്ലംബിങ്ങിനു വരാന്‍ പറയാന്‍. അന്ന് ട്രഷറിയില്‍ എന്തോ പണി ഉണ്ടായിരുന്നത് കൊണ്ട് മാഷ്‌ സിമെന്റും പൂഴിയൊക്കെ കാണിച്ചു കൊടുത്തിട്ട് ഗോപിയോട് ചോദിച്ചു. "നീ ഒറ്റയ്ക്ക് ചെയ്യൂലെടാ.? എനിക്കൊന്നു വടകര വരെ പോണം.."

"ഓ ഇങ്ങള് പോട്... ഇതെല്ലം ഞാനേറ്റു.... "
മാഷ്‌ വടകരെന്ന് ബസ്സ്‌ ഇറങ്ങുമ്പം ഗോപി അയാളെ കാത്തു അവിടെ നിക്കുന്നുണ്ടായിരുന്നു.
"പണി കഴിഞ്ഞോടാ......?"
"അത് പതിനൊന്നു മണി ആവുമ്പോഴേക്കും കഴിഞ്ഞു. ഇങ്ങളൊരു ഇരുനൂറ് തന്നേക്ക്‌... "

പൈസയും കൊടുത്തു മാഷ്‌ നേരെ സുരേട്ടന്റെ പീട്യെലേക്ക് കേറി. പിന്നാലെ ഗോപിയും വന്നു. സിഗരറ്റ് വാങ്ങാന്‍. സിഗരെറ്റിനു തീ കൊടുക്കുമ്പോ ഗോപി മാഷോട് ചോദിക്കുകയാണ്.

" അല്ല മാഷെ ... ഇങ്ങളെ അമ്മക്ക് നല്ല വയസില്ലേ...! ഓര്‍ക്ക്‌ ഇണ്ടാക്കി കോടുക്കുന്ന കക്കൂസിനെങ്കിലും ഇങ്ങനെ പിശുക്കാണ്ട് ചെലവാക്കിക്കൂടെനോ ആ കാല് വെക്കുന്ന സാധനത്തിനു അത്രയല്ലേ വരൂ... ! !! ഇത്ര നല്ല കക്കൂസൊക്കെ ഇണ്ടാക്കി ഇട്ടിട്ടു ആ ക്ലോസെറ്റ് മാത്രം വെച്ചിട്ട് ഒരു ഗുമ്മു വരുന്നില്ല. അയിനു കാല് വെക്കാനുള്ള സാധനം വാങ്ങി വെച്ചിട്ട് വിളിക്ക്. ഞാന്‍ ഒരു ദിവസം വന്നിട്ട് വെച്ച് തരാം..."

അത് കേട്ടിട്ടാണ് മാഷ്‌ തലേല് കൈ വെച്ചിരുന്നു പോയത്.


പിന്‍പാര

"അതിന്‌ നിങ്ങളെന്തിനാണ് ഇത്ര വല്ല്യ പ്രശ്നം ആക്കുന്നത്. നാദാപുരംറോട്ടിന്നു അതങ്ങ് വാങ്ങി കൊടുക്കരുതോ...? സുരേട്ടന്‍ ചോദിച്ചു

"എന്റെ സുരേട്ടാ ഞാന്‍ വാങ്ങിയത് യൂറോപ്പിയന്‍ ക്ലോസെറ്റ് ആണ്... അതല്ലേ പ്രശ്നം...!!"


5 comments:

 1. da chekka,,,,
  githu menungane gindu. nee thongane ezhuthanam tta....

  ReplyDelete
 2. nice...
  I'm happy to see that you started this again.

  ReplyDelete
 3. Oru article copy cheythittu njan orkut vadakara communityl share cheythittundu.. kozhappam illallo mashe ? :)

  ReplyDelete
 4. no problem. actually thats what i want

  ReplyDelete
 5. ഇത് എട്യോ മുന്നേ കേട്ടീക്കണല്ലോ !

  ReplyDelete

അഭിപ്രായം ആവാം....